കണ്ണൂരില്‍ നടക്കുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് നഗരിയിലേക്ക് കൂട്ടത്തോടെ പോലീസുകാരെ നിയമിച്ചതോടെ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം താളംതെറ്റിയെന്ന് ആക്ഷേപം. കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്ന് ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് കണ്ണൂരിലേക്ക് താല്‍ക്കാലിക ഡ്യൂട്ടി നല്‍കി നിയമിച്ചത്. സുരക്ഷയുടെ പേരില്‍ ഒമ്പത് ദിവസത്തേക്കാണ് പാര്‍ട്ടി കോണ്‍ഗ്രസ് നഗരിയിലടക്കം ഡ്യൂട്ടിക്കായി പോലീസുകാരെ നിയമിച്ചത്.
കാസര്‍കോട് ജില്ലയില്‍ നിന്നു മൂന്നു ഡിവൈഎസ്പിമാരെയും ഏഴു സിഐമാരെയും ഓരോ സ്റ്റേഷനില്‍ നിന്നും മൂന്നും നാലും പൊലീസുകാരെയും കണ്ണൂരിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇതിനുപുറമെ എആര്‍ കേമ്പില്‍ നിന്നും അമ്പതോളം പൊലീസുകാരെയും ഡ്യൂട്ടിക്കായി നിയമിച്ചിട്ടുണ്ട്. 10 വരെയാണ് സമ്മേളനമെങ്കിലും ഏപ്രില്‍ രണ്ടു മുതല്‍ 11 വരെയാണ് പോലീസുദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി നല്‍കിയിരുന്നത്. ഇതിനു പുറമേ, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നും സമാനമായ രീതിയില്‍ പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
നിരവധി കേസുകള്‍ പാതിവഴിയില്‍ കിടക്കുമ്പോഴാണ് കാര്യമായ ചുമതലകള്‍ ഇല്ലാതെ ഇത്രയും പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയമിച്ചതെന്നാണ് ആക്ഷേപം. ശബരിമല, തൃശൂര്‍ പൂരം തുടങ്ങിയ ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഉത്സവ പരിപാടികള്‍ക്ക് പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കാറുണ്ട്. എന്നാല്‍ ഇത്രയും ദിവസം ഒരു പാര്‍ട്ടിയുടെ പരിപാടിക്ക് പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ഇതാദ്യമായാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമ്മേളന നിയന്ത്രണം മുഴുവനായും റെഡ് വോളന്റീയര്‍മാര്‍ക്കാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒമ്പതു ദിവസക്കാലം സ്റ്റേഷന്‍ ഓഫീസര്‍മാര്‍ ഉള്‍പ്പടെയുള്ളവരെ സ്റ്റേഷനില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് അന്വേഷണങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് പരാതി.