2019ല്‍ കോര്‍പറേറ്റുകളില്‍ നിന്ന് സി.പി.എം സ്വീകരിച്ചത് 6.19 കോടി; കൂടതല്‍ തുക നല്‍കിയത് മുത്തൂറ്റ്, തൊട്ടുപിന്നില്‍ കല്യാണ്‍

തിരുവനന്തപുരം: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പറേറ്റുകളില്‍ നിന്നും സംഭാവനയായി സിപിഐഎം സ്വീകരിച്ചത് 6.91 കോടി രൂപയെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസിന്റെ റിപ്പോര്‍ട്ട്. മുത്തൂറ്റ് ഫിനാന്‍സില്‍ നിന്നുമാണ് സിപിഐഎം ഇക്കാലയളവില്‍ ഏറ്റവുമധികം സംഭാവന സ്വീകരിച്ചതെന്നാണ് എഡിആര്‍ പുറത്തുവിടുന്ന കണക്ക്. സിപിഐഎം മുത്തൂറ്റില്‍ നിന്നും 2,65,00,000 കോടി രൂപ സംഭാവനയായി സ്വീകരിച്ചു. മുത്തൂറ്റ് കഴിഞ്ഞാല്‍ സിപിഐഎം പാര്‍ട്ടി ഫണ്ടിലേക്ക് ഏറ്റവുമധികം സംഭാവന നല്‍കിയത് കല്യാണ്‍ ജുവലേഴ്സാണ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 1,12,00,000 രൂപയാണ് സംഭാവനയായി സിപിഐഎം കല്യാണ്‍ ജുവലേഴ്സില്‍ നിന്നും സ്വീകരിച്ചത്.

ഇതിനു പുറമേ കിറ്റെക്സ് ചില്‍ഡ്രണ്‍വെയര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും നവയുഗ എഞ്ചിനീയറിംഗ് കമ്പനിയില്‍ നിന്നും രാജധാനി മിനെറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ നിന്നും ഇന്‍ഡസ് മോട്ടോര്‍സില്‍ നിന്നും സിപിഐഎം വലിയ തുക സംഭാവനയായി സ്വീകരിച്ചിട്ടുണ്ട്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പറേറ്റുകളില്‍ നിന്നും ആകെ 921.95 കോടി രൂപയുടെ സംഭാവന സ്വീകരിച്ചെന്നാണ് എഡിആര്‍ റിപ്പോര്‍ട്ട് പറയുന്നത്. ഇതിനും മുന്‍പ് ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന 2014-15 സാമ്പത്തിക വര്‍ഷത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് സ്വീകരിച്ചത് 573.18 കോടി രൂപയാണെന്നും എഡിആര്‍ റിപ്പോര്‍ട്ടിലുണ്ട്.

© 2024 Live Kerala News. All Rights Reserved.