ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ ആയുധമേന്തി ‘അള്ളാഹു അക്ബര്‍’ വിളിച്ച സംഭവം : അന്വേഷണത്തിന് എന്‍ ഐഎ

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ മൂര്‍ച്ചയേറിയ ആയുധമേന്തിയ ഒരാള്‍ അതിക്രമിച്ച്‌ കയറി ‘അള്ളാഹു അക്ബര്‍’ വിളിച്ച സംഭവത്തിലെ അന്വേഷണം എന്‍ ഐഎയ്ക്ക് വിട്ടു. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണത്തില്‍ പങ്കാളികളാണ്.

മൂര്‍ച്ചയേറിയ ആയുധവുമായി ക്ഷേത്രത്തിനുള്ളിലേക്ക് അതിക്രമിച്ച്‌ കയറിയ ആള്‍ ഉറക്കെ ‘അള്ളാഹു അക്ബര്‍’ വിളിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച്‌ രണ്ട് പൊലീസുകാരെ അക്രമി ആയുധം കൊണ്ട് ആക്രമിക്കുകയും ചെയ്തു.

അക്രമത്തിൽ ഗോപാല്‍ കുമാര്‍ ഗൗര്‍, അനില്‍ പസ്വാന്‍ എന്നീ പൊലീസുകാര്‍ക്ക് പരിക്കേറ്റു.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അഹമ്മദ് മുര്‍താസ അബ്ബാസി എന്ന വ്യക്തിയാണ് ക്ഷേത്രത്തിലെ സൂരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച്‌ ഉള്ളില്‍ കടന്നത്. പത്ത് മിനിറ്റിനുള്ളില്‍ ഇയാളെ സുരക്ഷാസേന കീഴ്‌പ്പെടുത്തി. ഗോരഖ്പൂര്‍ സ്വദേശിയാണ് അഹമ്മദ് മുര്‍താസ അബ്ബാസി.

അക്രമിയായ അഹമ്മദ് അബ്ബാസിയെ അറസ്റ്റ് ചെയ്ത വിവരം ക്രമസാമാധനച്ചുമതലയുള്ള എഡിജി പ്രശാന്ത് കുമാര്‍ സ്ഥിരീകരിച്ചു. രണ്ട് പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഈ കേസില്‍ തീവ്രവാദത്തിന്‍റെ ഒരു വശമുണ്ടെന്നും അത് അന്വേഷിക്കുന്നതായും എഡിജി പറഞ്ഞു.

© 2023 Live Kerala News. All Rights Reserved.