വടക്കുന്നാഥന് 100 പവന്‍റെ പൊന്നാനയും ഒരുകോടി രൂപയും കാണിക്ക നല്‍കി പ്രവാസി ഭക്തന്‍

പ്രവാസിഭക്തന്റെ കാണിക്കയായി വടക്കുന്നാഥക്ഷേത്രത്തിലേക്ക് 100 പവന്‍ തൂക്കമുള്ള സ്വര്‍ണ ആനയും ഒരുകോടി രൂപയും. സ്വര്‍ണ ആനയ്ക്ക് 45 ലക്ഷത്തോളം രൂപ വിലമതിക്കും. ആനയെ നടയിരുത്തുന്ന ചടങ്ങ് പ്രതീകാത്മകമായി നടത്തി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആന പഴയന്നൂര്‍ ശ്രീരാമനെയാണ് പ്രതീകാത്മകമായി നടയിരുത്തിയത്.

നടയിരുത്തലിന്റെ ചടങ്ങുകളിലെല്ലാം സ്വര്‍ണ ആനയെയും ഉള്‍പ്പെടുത്തിയിരുന്നു. വെള്ളയും കരിമ്പടവും വിരിച്ച് ശ്രീരാമനെ ഇരുത്തിയതിനു സമീപം സ്വര്‍ണ ആനയെയും വെക്കുകയാണ് ചെയ്തത്.

രണ്ട് ആനകള്‍ക്കും പൂജയുമുണ്ടായിരുന്നു. ക്ഷേത്രത്തിലെ വലിയബലിക്കല്ലിന് സമീപം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് നടയിരുത്തല്‍ച്ചടങ്ങ് നടന്നത്. തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരി നേതൃത്വം നല്‍കി.

ചടങ്ങില്‍ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ എം.ജി. ജഗദീഷ്, മാനേജര്‍ പി. കൃഷ്ണകുമാര്‍, സമിതി പ്രസിഡന്റ് പി. പങ്കജാക്ഷന്‍, സെക്രട്ടറി ടി.ആര്‍. ഹരിഹരന്‍, പി. ശശിധരന്‍, രാമകൃഷ്ണന്‍, ജീവധനം മാനേജര്‍ ഇ.ഡി. അഖില്‍ എന്നിവര്‍ പങ്കെടുത്തു.

© 2024 Live Kerala News. All Rights Reserved.