48 മണിക്കൂർ പൊതുപണിമുടക്ക് നടത്തുന്ന സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളം നൽകാൻ സർക്കാർ 5000 കോടി രൂപ കടം എടുക്കുന്നു.

തിരുവനന്തപുരം: 48 മണിക്കൂർ പൊതുപണിമുടക്ക് നടത്തുന്ന സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളം നൽകാൻ സർക്കാർ 5000 കോടി രൂപ കടം എടുക്കുന്നു. പണിമുടക്ക് നടത്തുന്ന 29ന് കടമെടുക്കാനുള്ള കടപത്രത്തിൻ്റെ ലേലം മുംബൈ ഫോർട്ട് ഓഫീസിൽ ഇ- കുബേർ സംവിധാനം വഴി നടക്കും. അതായത് പണിമുടക്ക് നടത്തി മൂന്നാം ദിവസം ഈ ജീവനക്കാരുടെ അക്കൗണ്ടിൽ ശമ്പളം നൽകാനാണ് സർക്കാർ ഭീമമായ തുക കടമെടുക്കുന്നത്.

രണ്ടു ദിവസത്തെ പണിമുടക്കിലൂടെ കോടിക്കണക്കിന് രൂപ സർക്കാർ ഖജനാവിൽ വരുന്നത് തടയുന്ന ജീവനക്കാർക്ക് ശമ്പളം നൽകാനാണ് സാധാരണക്കാരൻ്റെ തലയെണ്ണി കടം വാങ്ങുന്നത് എന്നതാണ് ശ്രദ്ധേയം. പണിമുടക്ക് മൂലം സർക്കാർ മേഖലയിൽ തന്നെ കോടിക്കണക്കിന് രൂപ നഷ്ടമാണ് ഉണ്ടാകുന്നത്. പണിമുടക്കുന്ന ദിവസത്തെ ശമ്പളവും ആനുകൂല്യവും ഈ ജീവനക്കാർ വാങ്ങുന്നുണ്ട്.

അതിനിടെ ഈ മാസം മാത്രം കേരളം 7000 കോടി രൂപയാണ് കടം എടുത്തത്. ഈ മാസം 22നാണ് 12 വർഷത്തേക്ക് 7.42 ശതമാനം പലിശയ്ക്ക് 2000 കോടി രൂപ സംസ്ഥാനം വായ്പയെടുത്തത്.

ഇതോടെ ഈ വർഷം പൊതു വിപണിയിൽ നിന്നുള്ള കടമെടുപ്പ് 28,000 കോടി രൂപയായി. കേന്ദ്രം അനുവദിച്ച വായ്പാ പരിധി മുഴുവനും ഇതോടെ കഴിഞ്ഞിരിക്കുകയാണ്.

കടമെടുപ്പ് നടക്കുന്നതോടെ ഈ സാമ്പത്തിക വർഷാവസാനം കേരളത്തിന്റെ പൊതുകടം 3.6 ലക്ഷം കോടി രൂപ ആകും. അതായത് ആളോഹരി കടം ഒരു ലക്ഷം രൂപ എന്നു ചുരുക്കം.

© 2024 Live Kerala News. All Rights Reserved.