ഭർത്താക്കന്മാർ ഓൺലൈൻ ഗെയിമിന് അടിമകൾ; ബംഗളൂരുവിൽ വിവാഹമോചനത്തിന് ഒരുങ്ങി യുവതികൾ

ഭർത്താക്കന്മാർ ഓൺലൈൻ ഗെയിമിന് അടിമകൾ; ബംഗളൂരുവിൽ വിവാഹമോചനത്തിന് ഒരുങ്ങി യുവതികൾ

ബംഗളൂരു: ഭർത്താക്കന്മാർ ഓൺലൈൻ ചൂതാട്ടത്തിന് അടിമയായതിനാൽ ദാമ്പത്യ ജീവിതം നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബംഗളൂരുവിൽ രണ്ട് യുവതികൾ വിവാഹമോചനത്തിനായി പൊലീസിനെ സമീപിച്ചു. നഗരത്തിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായിട്ടാണ് രണ്ടു യുവതികളും വിവാഹമോചനത്തിനായി ബംഗളൂരു സിറ്റി പൊലീസിന്റെ വനിതാ ഹെൽപ്പ് ലൈനിനെ സമീപിച്ചത്.പരാതിക്കാരിയായ ഒരു യുവതിയുടെ ഭർത്താവ് തന്റെ സ്വത്ത് പണയം വെച്ചാണ് ഫോണിൽ ചൂതാട്ട ഗെയിം കളിക്കുന്നതെന്ന് സമ്മതിച്ചു. ഗെയിം കളിക്കാനായി മാത്രം 32 ലക്ഷം രൂപ ലോൺ എടുത്തതായും അത് ഗെയിമിലൂടെ നഷ്ടപ്പെട്ടെന്നും ഇവർ പറയുന്നു. രണ്ടാമത്തെ യുവതിയുടെ ഭർത്താവ് ഗെയിമിൽ പങ്കെടുക്കാനായി ജോലി ചെയ്തിരുന്ന ബാങ്കിൽ നിന്ന് പണം മോഷ്ടിക്കുകയായിരുന്നു. അതിൽ 35 ലക്ഷം രൂപ ഇതിനോടകം തന്നെ ഗെയിം കളിച്ച് നഷ്ടപ്പെടുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ബംഗളൂരു ഹെബ്ബാൾ സ്വദേശിയായ ഐടി ജീവനക്കാരന്റെ ഭാര്യയാണ് വിവാഹമോചനം തേടി പൊലീസിനെ സമീപിച്ചവരിൽ ഒരാൾ. ബംഗളുരു പൊലീസിന്റെ വനിതാ സഹായവാണി കേന്ദ്രത്തെയാണ് ഇവർ സമീപിച്ചത്. മൂന്നു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. ഓൺലൈൻ ചൂതാട്ടത്തിൽ പങ്കെടുത്ത് സ്വന്തം പേരിലുണ്ടായിരുന്ന പണം മുഴുവൻ നഷ്ടമായിരുന്നു. അതിനു ശേഷം ഉയർന്ന പലിശക്ക് 32 ലക്ഷം രൂപ വായ്പയും എടുത്തു. എന്നാൽ വായ്പയെടുത്ത പണവും നഷ്ടമായതോടെ വീട്ടിൽ പ്രശ്നങ്ങൾ രൂക്ഷമായി. യുവതിയുടെ ജാമ്യത്തിലാണ് വായ്പയെടുത്തത്. പണം നഷ്ടമായതോടെ ദിവസവും ഇതേച്ചൊല്ലി ഭർത്താവുമായി പ്രശ്നങ്ങളുണ്ടായി. ഇതിനെ തുടർന്നാണ് വിവാഹമോചനം തേടാൻ യുവതി തീരുമാനിച്ചത്. തുടക്കത്തിൽ തമാശയ്ക്കാണ് ഭർത്താവ് ഗെയിം കളിക്കാൻ തുടങ്ങിയത്. കളി തലയ്ക്കു പിടിച്ചതോടെ ഊണും ഉറക്കവും ഉപേക്ഷിച്ച് കളിക്കാൻ തുടങ്ങി. പിന്നീട് ജോലി പോലും ഉപേക്ഷിച്ച് ഗെയിം കളിക്കാൻ തുടങ്ങി. അങ്ങനെ കയ്യിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം ഗെയിമിനായി കളഞ്ഞു. കയ്യിലുള്ള പണമെല്ലാം നഷ്ടമായതോടെയാണ് ഉയർന്ന പലിശയ്ക്ക് വായ്പ എടുത്തത്.ഓസ്റ്റിൻ ടൌൺ സ്വദേശിനിയായ മറ്റൊരു യുവതിയാണ് ഇതേ കാരണത്താൽ വിവാഹമോചനത്തിനായി അധികൃതരെ സമീപിച്ചത്. മുൻ ഐടി കമ്പനി ജീവനക്കാരിയായ യുവതി സർക്കാരിന്റെ കുടുംബ കൌൺസിലിങ്ങ് സെന്ററായ പരിഹാറിനെയാണ് സമീപിച്ചത്. ഇവരുടെ ഭർത്താവ് ബംഗളുരു നഗരത്തിലെ ഒരു സ്വകാര്യ ബാങ്കിൽ കാഷ്യറായിരുന്നു. എന്നാൽ ഓൺലൈൻ റമ്മി കളിക്ക് അടിമപ്പെട്ട ഇയാൾ ഉള്ള സമ്പാദ്യമെല്ലാം വിൽക്കാൻ തുടങ്ങിയെന്ന് യുവതി പറയുന്നു. ഇതിനിടെയാണ് ജോലി ചെയ്യുന്ന ബാങ്കിൽനിന്ന് ഇയാൾ പണം മോഷ്ടിച്ചത്. ഈ സംഭവം കൈയോടെ ബാങ്കിലെ മറ്റ് ഉദ്യോഗസ്ഥർ പിടികൂടുകയും യുവാവിനെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. ജോലി പോയപ്പോഴാണ് ഭർത്താവ് ഓൺലൈൻ ചൂതാട്ടത്തിന് അടിമയാണെന്ന കാര്യം യുവതിയും അറിയുന്നത്. ഇതോടെയാണ് വിവാഹമോചനം തേടി യുവതി അധികൃതരെ സമീപിച്ചത്. ബംഗളുരു നഗരത്തിൽ നിരവധി യുവതി യുവാക്കൾ ഇത്തരത്തിൽ ഓൺലൈൻ ചൂതാട്ട ഗെയിമിന് അടിമകളാണെന്ന് പൊലീസ് പറയുന്നു. ഈ കാരണംകൊണ്ട് നിരവധിപ്പേരുടെ കുടുംബ ജീവിതം താറുമാറായിരിക്കുകയാണ്. ഇത്തരത്തിൽ നിരവധി പരാതികളാണ് തങ്ങൾക്ക് ലഭിക്കുന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു

© 2024 Live Kerala News. All Rights Reserved.