ഓണ്‍ലൈനായി പ്രഷര്‍ മോണിറ്റര്‍ ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് പൊട്ടിയ ഇഷ്ടിക

കൊച്ചി: കൊവിഡ് കാലത്ത് ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. അതേ സമയം ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുമ്പോള്‍ പറ്റിക്കപ്പെടുന്ന സംഭവങ്ങളിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. അങ്ങനെയൊരു സംഭവമാണ് എറണാകുളത്ത് നടന്നത്.

ഈ മാസം 23ന് കൊച്ചി കലൂരിലെ ദേശാഭിമാനി റോഡില്‍ കമ്പ്യൂട്ടര്‍ സെയില്‍സ് സര്‍വ്വീസ് കട നടത്തുന്ന അബ്ദു റഹ്മാന്‍ മൂപ്പന് പ്രഷര്‍ മോണിട്ടറിന് പകരം ലഭിച്ചത് ഇഷ്ടികയാണ്. ഡോ. മോര്‍പെന്‍ എന്ന കമ്പനിയുടെ ഉപകരണം വാങ്ങിയപ്പോഴാണ് അബ്ദു റഹ്മാന്‍ കബളിക്കപ്പെട്ടത്. ഉല്‍പന്നത്തിന്റെ പേരും പരസ്യവുമുള്‍പ്പെടെയുള്ള പെട്ടിക്കുള്ളില്‍ പൊട്ടിപ്പൊളിഞ്ഞ ഇഷ്ടികക്കഷണമാണ് ഉണ്ടായിരുന്നത്. പണമടച്ച് കൊറിയര്‍ തുറന്നുനോക്കുമ്പോഴാണ് പറ്റിക്കപ്പെട്ടകാര്യം മനസിലാവുന്നത്.

ഫ്‌ലിപ്കാര്‍ട്ടിന്റെ കസ്റ്റമര്‍ കെയറില്‍ വിവരം അറിയിച്ചെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും പരാതി പ്രോസസിലാണ് എന്നാണ് മറുപടി ലഭിക്കുന്നത്. ആദ്യമായാണ് ഇത്തരത്തിലൊരു കബളിപ്പിക്കലിന് ഇരയാവേണ്ടി വന്നതെന്നാണ് അബ്ദു റഹ്മാന്‍ പറയുന്നത്. ഉത്തര്‍പ്രദേശില്‍ നിന്ന് ബില്ല് ചെയ്തിട്ടുള്ള പ്രഷര്‍ മോണിറ്റര്‍ ഉപകരണത്തിന് 970 രൂപയാണ് അബ്ദു റഹ്മാനില്‍ നിന്ന് ഈടാക്കിയിട്ടുള്ളത്.

ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ആയുഷ് തിവാരി എന്നയാളുടെ പേരിലാണ് കൊറിയര്‍ അയച്ചിരിക്കുന്നതെന്നും അബ്ദു റഹ്മാന്‍ ബില്ല് സഹിതം പ്രതികരിക്കുന്നു. ജിഎസ്ടി നമ്പറടക്കമുള്ള ഇടപാടില്‍ ഇത്തരമൊരു ചതിവ് പ്രതീക്ഷിച്ചില്ലെന്നാണ് അബ്ദു റഹ്മാന്‍ വ്യക്തമാക്കുന്നത്.

© 2024 Live Kerala News. All Rights Reserved.