കെപിസിസി പ്രസിഡന്റ് കെ.സുധാകരനോടാണ് യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ സെക്രട്ടറി ഇൻഷാദ് വലിയകത്തിന് ഇത്രയേറെ ആരാധന. തന്റെ വീടിന് ഇൻഷാദ് കെ എസ് ഭവനം എന്നാണ് പേര് നൽകിയിരിക്കുന്നത്. വീട്ടിലെ അതിഥി മുറിയിൽ സുധാകരന്റെ ഒരു കൂറ്റൻ ചിത്രവും വെച്ചിട്ടുണ്ട്. തൃശൂർ എടത്തിരിത്തി ചൂലൂരിലാണ് കെഎസ് ഭവനം. തെരഞ്ഞെടുപ്പിൽ കെ സുധാകരൻ മത്സരിച്ചപ്പോഴാണ് ഇൻഷാദിന്റെ അദ്ദേഹത്തോടുള്ള ആരാധന നാട്ടുകാരും വീട്ടുകാരും ശരിക്കുമറിഞ്ഞത്.
അന്ന് സുധാകരന്റെ മുഖചിത്രം വരച്ച ബൈക്കുമായി തൃശൂരിൽ നിന്ന് കണ്ണൂരിലേയ്ക്ക് യാത്ര നടത്തിയിരുന്നു ഇൻഷാദ്. അഞ്ചു സെന്റ് ഭൂമിയിൽ ആയിരം സ്‌ക്വയർ ഫീറ്റിലാണ് കെ എസ് ഭവനം നിർമ്മിച്ചിരിക്കുന്നത്. വീട് പണി തീർന്നതോടെ വീടിന് എന്ത് പേരിടും എന്ന കാര്യത്തിൽ ഇൻഷാദിന് രണ്ടാമതൊന്ന് ആലോചിക്കാൻ ഉണ്ടായിരുന്നില്ല. കെഎസ് ഭവനം സന്ദർശിക്കാമെന്ന് സുധാകരൻ ഇൻഷാദിന് ഉറപ്പ് നൽകിയിട്ടുമുണ്ട്.