കാണ്ഡഹാറിൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ മിസ്ത്രി സഹൂർ ഇബ്രാഹിം പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ചു; സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി മസൂദ് അസറിന്റെ സഹോദരൻ

ഇസ്ലാമാബാദ്: കാണ്ഡഹാറിൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ മിസ്ത്രി സഹൂർ ഇബ്രാഹിം പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ചു. കറാച്ചിയിലെ അക്തർ കോളനിയിൽ മാർച്ച് 1നാണ് ഇയാൾ കൊല്ലപ്പെട്ടത്. സാഹിദ് അഖുന്ദ് എന്ന പേരിൽ ഇയാൾ കറാച്ചിയിൽ താമസിച്ച് വരികയായിരുന്നു.

കറാച്ചിയിൽ ക്രസന്റ് ഫർണിച്ചർ എന്ന പേരിൽ ഇയാൾ സ്വന്തമായി സ്ഥാപനം നടത്തി വരികയായിരുന്നു. കൃത്യമായ പദ്ധതി തയ്യാറാക്കിയാണ് ഇബ്രാഹിമിനെ വധിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഫർണിച്ചർ ഗോഡൗണിൽ വെച്ച് തലക്ക് വെടിയേറ്റാണ് ഇബ്രാഹിം കൊല്ലപ്പെട്ടത്. രണ്ട് വെടിയുണ്ടകളാണ് ഇയാളുടെ തലയിൽ തുളഞ്ഞു കയറിയത്.

പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ മോട്ടോർ സൈക്കിളിൽ ചുറ്റിക്കറങ്ങിയ രണ്ട് പേർ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇരുവരും ഹെൽമറ്റും മാസ്കും വെച്ച് മുഖം മറച്ചിരുന്നു. സംഭവത്തിന് ശേഷം പ്രതികളെ പിടിക്കാൻ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല.

ജെയ്ഷെ ഭീകരൻ മസൂദ് അസറിന്റെ സഹോദരൻ റൗഫ് അസ്ഗറാണ് ഇബ്രാഹിമിന്റെ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.

© 2024 Live Kerala News. All Rights Reserved.