‘പാകിസ്ഥാന്‍ ചീഞ്ഞ ഗോതമ്പ് തന്നു, ഇന്ത്യ തന്നത് നല്ല ഗോതമ്പ്’; ഇന്ത്യയെ പ്രശംസിച്ചും പാകിസ്ഥാനെ വിമര്‍ശിച്ചും താലിബാന്‍ നേതാവ്

കാബൂള്‍: ഗോതമ്പിനെ ചൊല്ലി ഇന്ത്യയെ പ്രശംസിക്കുകയും പാകിസ്താനെ വിമര്‍ശിക്കുകയും ചെയ്ത് താലിബാന്‍ നേതാവ്. യു.എന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇരുരാജ്യങ്ങളും അഫ്ഗാനിസ്ഥാന് ഗോതമ്പ് നല്‍കിയത്. എന്നാല്‍, ഗുണനിലവാരം കുറഞ്ഞ ഗോതമ്പാണ് പാകിസ്ഥാന്‍ നല്‍കിയതെന്നും തിന്നാന്‍ കൊള്ളി​ല്ലെന്നുമാണ് താലിബാന്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്താസമ്മേളനത്തില്‍ പറയുന്നത്.

കെട്ടതും ഉപയോഗശൂന്യവുമായ ഗോതമ്പാണ് പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനിലേക്ക് കയറ്റി അയച്ചതെന്നാണ് താലിബാന്‍ ആരോപണം. ‘ഈ ഗോതമ്പ് ഭക്ഷണത്തിന് ഉപയോഗിക്കാന്‍ സാധിക്കില്ല. ആരോഗ്യത്തിന് വളരെ ദോഷകരമായിരിക്കും. ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് കയറ്റി അയച്ചത് മികച്ച ഗോതമ്പാണ്’ -താലിബാന്‍ ഉദ്യോഗസ്ഥന്റെ വീഡിയോയില്‍ പറയുന്നു. അഫ്ഗാന്‍ മാധ്യമ പ്രവര്‍ത്തകന്‍ അബ്ദുല്‍ഹഖ് ഉമരിയാണ് വിഡിയോ ട്വീറ്റ് ചെയ്തത്.

“അഫ്ഗാന്‍ ജനതയ്‌ക്ക് തുടര്‍ച്ചയായ പിന്തുണ നല്‍കുന്ന ഇന്ത്യക്ക് നന്ദി. ജനങ്ങളുമായുള്ള സൗഹൃദ ബന്ധങ്ങള്‍ എന്നെന്നേക്കുമായി നിലനില്‍ക്കും. ജയ് ഹിന്ദ്” -ഹംദുല്ല അര്‍ബാബ് ട്വീറ്റ് ചെയ്തു. “പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാന് നല്‍കിയ ഗോതമ്പ് മുഴുവന്‍ ഉപയോഗിക്കാനാകാതെ ചീഞ്ഞഴുകിയിരിക്കുന്നു. ഇന്ത്യ എപ്പോഴും അഫ്ഗാനിസ്ഥാനെ സഹായിച്ചിട്ടുണ്ട്’ എന്നാണ് നജീബ് ഫര്‍ഹോദിസ് എന്ന മറ്റൊരാളുടെ കമന്റ്.

അതേസമയം, വാര്‍ത്താസമ്മേളനം നടത്തിയ താലിബാന്‍ ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി ‘ദി പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാന്‍ ജനതയ്ക്ക് മാനുഷിക സഹായമായി പാകിസ്ഥാന്‍ വഴി 50,000 മെട്രിക് ടണ്‍ ഗോതമ്പ് അയക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. 2500 മെട്രിക് ടണ്‍ കഴിഞ്ഞ മാസം അയച്ചിരുന്നു. 2,000 മെട്രിക് ടണ്‍ ഗോതമ്പുമായി രണ്ടാമത്തെ വാഹനവ്യൂഹം വ്യാഴാഴ്ച അമൃത്സറിലെ അട്ടാരിയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമാണ് ഗോതമ്പ് വിതരണം ചെയ്യുക.

© 2022 Live Kerala News. All Rights Reserved.