ബോചെയെ കാണാന്‍ പറ്റാത്തതില്‍ ആത്മഹത്യ ശ്രമം

കൂരാച്ചുണ്ട് അമീന്‍ റസ്‌ക്യൂ ടീമിന് വിദേശനിര്‍മ്മിത ബോട്ട് നല്‍കുന്നതിനായി ബോചെ എത്തിയ ചടങ്ങിനിടെ യുവതിയുടെ ആത്മഹത്യ ശ്രമം. കഴിഞ്ഞ കുറെ ദിവസങ്ങളായി ബോചെയെ നേരില്‍ കാണാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു ബോചെയുടെ കടുത്ത ആരാധികയായ യുവതി. കക്കയത്ത് വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിന് ബോചെ എത്തുന്നതറിഞ്ഞ് രാവിലെ തന്നെ യുവതി സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ ബോചെ വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കേ, അദ്ദേഹത്തെ കാണാന്‍ സാധിക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചതിനെ തുടര്‍ന്ന് നിരാശയിലായ യുവതി പുഴയില്‍ ചാടുകയായിരുന്നു. പുഴയില്‍ ചാടിയ യുവതിയെ അമീന്‍ റസ്‌ക്യൂ ടീം അംഗങ്ങള്‍ രക്ഷിച്ചു കരയിലെത്തിച്ചു. തുടര്‍ന്ന് ബോചെ യുവതിയുടെ അടുത്തെത്തി ആശ്വസിപ്പിക്കുകയും, നിരാശയും ആത്മഹത്യയും ഒന്നിനും പരിഹാരമല്ലെന്നും മേലില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യരുതെന്ന് ഉപദേശിക്കുകയും ചെയ്തു.

കഴിഞ്ഞ ആറ് വര്‍ഷമായി കേരളത്തിലുടനീളം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയെത്തുന്ന അമീന്‍ റെസ്‌ക്യൂ ടീമില്‍ അംഗത്വമെടുക്കാനും ബോചെ വാങ്ങിയ വിദേശനിര്‍മ്മിത ബോട്ട് സമ്മാനിക്കാനും ഭാവിയില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള സന്നദ്ധത അറിയിക്കാനുമായാണ് ബോചെ കൂരാച്ചുണ്ടില്‍ എത്തിയത്. ഇനിമുതല്‍ കേരളത്തില്‍ എവിടെയും, എന്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ബോചെ അമീന്‍ റെസ്‌ക്യൂ ടീം തയ്യാറായിരിക്കും. ആധുനിക സൗകര്യങ്ങളോടു കൂടിയ ബോട്ട് ഓസ്ട്രേലിയയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആളെ കിട്ടാന്‍ ബുദ്ധിമുട്ടുന്ന ഈ കാലത്തു അമീന്‍ റെസ്‌ക്യൂ ടീം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ സ്തുത്യര്‍ഹമാണെന്ന് ബോചെ പറഞ്ഞു. അതിനുള്ള അംഗീകാരമാണ് ഈ ബോട്ട് എന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. കാക്കയത്തു വെച്ച് നടന്ന ചടങ്ങില്‍ എം. കെ. രാഘവന്‍ എം. പി. ബോട്ടിന്റെ തുഴ ബൊചെയില്‍ നിന്ന് ഏറ്റുവാങ്ങി.

© 2022 Live Kerala News. All Rights Reserved.