ലെഫ്നന്റ് കേണൽ സ്റ്റാനിസ്ലാവ് പെട്രോവ്. ലോകത്തെ രക്ഷിച്ച‌ റഷ്യൻ

സ്റ്റാനിസ്ലാവ് പെട്രോവ് സോവിയറ്റ് എയർ ഡിഫൻസ് ഫോഴ്സിന്റെ ന്യൂക്ലിയർ മുൻകൂർ മുന്നറിയിപ്പ് കമാൻഡ് സെന്ററിൽ സേവനമനുഷ്ടിക്കുന്ന കാലം. 26 സെപ്റ്റംബർ 1983 അമേരിക്കയിൽ നിന്ന് ഒരു ന്യൂക്ലിയർ മിസൈൽ റഷ്യയെ ലക്ഷ്യമാക്കി വിക്ഷേപിക്കപ്പെട്ടു എന്ന് സാറ്റലൈറ്റിൽ‌ നിന്ന് സന്ദേശം വന്നു. അതിന് ശേഷം തുടരെത്തുടരെ അഞ്ച് മിസൈലുകൾ കൂടി വിക്ഷേപിക്കപ്പെട്ടതായി സിസ്റ്റം കാണിച്ചു. സൈറണുകൾ മുഴങ്ങി. അന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഏറ്റവും സീനിയർ ഉദ്യോഗസ്ഥനായിരുന്നു സ്റ്റാനിസ്ലാവ്. എല്ലാരും‌ സ്റ്റാനിസ്ലാവിന്റെ പ്രതികരണം അറിയാൻ വേണ്ടി അദ്ദേഹത്തെ ഉറ്റുനോക്കുകയാണ്. ഈ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചാൽ അവർ ഉടൻ ഒരു പ്രത്യാക്രമണം നടത്താൻ ഉത്തരവിടും. അതൊരു വൻ ന്യൂക്ലിയർ യുദ്ധത്തിലേയ്ക്ക് നയിക്കും. ഒരു പക്ഷേ ഇത് സാറ്റലൈറ്റിന്റെ തകരാർ കാരണം വന്ന തെറ്റായ വിവരമാണെങ്കിലോ. ഗ്രൗണ്ട് റഡാറിൽ നിന്ന് സ്ഥിരീകരണം കിട്ടുന്നത് വരെ കാത്ത്‌ നിൽക്കുകയാണെങ്കിൽ പ്രത്യാക്രമണം നടത്താൻ പിന്നെ സമയം കിട്ടിയെന്ന് വരില്ല.

തന്റെ ഒരു തെറ്റായ തീരുമാനം കാരണം ലോകജനതയുടെ നാശത്തിന് വഴിയൊരുക്കാം. അവസാനം സ്റ്റാനിസ്ലാവ് ഒരു തീരുമാനത്തിലെത്തി. ഇത് തെറ്റായ അലാറം ആണ്. മേഘങ്ങളിൽ സൂര്യപ്രകാശത്തിന്റെ പ്രതിഫലനമാണ് സാറ്റലൈറ്റ് മിസൈൽ വിക്ഷേപണമായി തെറ്റിദ്ധരിച്ചതെന്ന് അന്വേഷണങ്ങൾ പിന്നീട് സ്ഥിരീകരിച്ചു.

ഇദ്ദേഹം അന്ന് ശരിയായ തീരുമാനം എടുത്തില്ലായിരുന്നു എങ്കിൽ ലോകം ഒരു വൻ ന്യൂക്ലിയർ യുദ്ധത്തിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വന്നേനെ. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ ഉണ്ടാകുന്ന യുദ്ധത്തിന്റെ കെടുതികൾ കൃത്യമായി നിർവ്വചിക്കാൻ പറ്റില്ല. എന്നാലും അതോടെ മനുഷ്യവംശം ഈ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകാൻ നല്ല സാധ്യതകൾ ഉണ്ട്. അമേരിക്ക ഒരു ന്യൂക്ലിയർ ആക്രമണം തുടങ്ങിയാൽ ആറ് മിസൈൽ അല്ല വരുക അത് നൂറ് കണക്കിന് മിസൈലുകൾ ഉപയോഗിച്ച് നടത്തുന്ന ഒരു വൻ ആക്രമണം ആയിരിക്കും അതിനാലാണ് സാറ്റലൈറ്റിൽ നിന്ന് ലഭിച്ച റിപ്പോർട്ടിനെ താൻ സംശയിച്ചത് എന്നാണ് സ്റ്റാനിസ്ലാവ് പിന്നീട് താനെടുത്ത തീരുമാനത്തിന് ന്യായീകരണമായി പറഞ്ഞത്.

ചുരുക്കിപ്പറഞ്ഞാൽ ഒരു മനുഷ്യൻ കോമൺസെൻസ് ഉപയോഗിച്ചത് കൊണ്ടാണ് ഈ ലോകം ഇന്നും നിലനിൽക്കുന്നത്. പെട്രോവ് 2017 മെയ് 19 ന് ഹൈപ്പോസ്റ്റാറ്റിക് ന്യുമോണിയ ബാധിച്ച് മരിച്ചു.

© 2024 Live Kerala News. All Rights Reserved.