എച്ച്‌ഐവിയുടെ പുതിയ വകഭേദം കണ്ടെത്തി; പേര് വിബി; വ്യാപനം അതിവേഗം

ആംസ്റ്റര്‍ഡാം: എച്ച്‌ഐവി വൈറസിന്റെ പുതിയ വകഭേദം നെതര്‍ലാന്‍ഡില്‍ കണ്ടെത്തി. പുതിയ വകഭേദത്തിന് വിബി എന്നാണ് ഗവേഷകര്‍ നല്‍കിയ പേര്.ഇതുവരെ 109 പേരെ ബാധിച്ചിട്ടുണ്ടെന്ന് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നു.ഒരു വ്യക്തിയുടെ രക്തത്തിലെ വൈറല്‍ കണങ്ങളുടെ എണ്ണം കൂടുകയും അവരില്‍നിന്ന് വൈറസ് പകരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ് ഈ വകഭേദമെന്നാണ് കണ്ടെത്തല്‍. വളരെ പെട്ടെന്ന് എയിഡ്‌സിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുമെന്നും ഫെബ്രുവരി രണ്ടിന് സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ പറയുന്നു. 1990 മുതല്‍ വകഭേദം പടരുന്നതായാണ് അനുമാനം. 2000 മുതല്‍ രോഗികള്‍ വര്‍ധിക്കുകയും 2008 മുതല്‍ കുറയുകയും ചെയ്തു.എച്ച്‌ഐവി വൈറസ് മനുഷ്യശരീരത്തിലെ സിഡി4 എന്ന പ്രതിരോധ കോശങ്ങളെയാണ് ബാധിക്കുക. പുതിയ വകഭേദത്തിന് സിഡി4 കോശങ്ങളെ വളരെ പെട്ടെന്ന് നശിപ്പിക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍. ശരീരത്തിന്റെ പ്രതിരോധ ശക്തിയെ വളരെവേഗത്തില്‍ വൈറസ് ബാധിക്കും. വകഭേദം ബാധിക്കുന്നവരുടെ രക്തത്തില്‍ വൈറസ് സാന്നിധ്യം സാധാരണ വകഭേദങ്ങളേക്കാള്‍ 3.5 മുതല്‍ 5.5 വരെ ഇരട്ടിയായിരിക്കുമെന്നും പഠനം വിശദമാക്കുന്നു അതേസമയം, ആളുകള്‍ ഭീതിയിലാകേണ്ട കാര്യമില്ലെന്ന് ഗവേഷകര്‍ പറയുന്നു.എളുപ്പത്തില്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ ആദ്യ ഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സിക്കേണ്ടത് അത്യാവശ്യമെന്നാണ് വിദഗ്ധര്‍ പറയുന്നത്.ലോകത്ത് ഇതിനോടകം 38 ദശലക്ഷം ആളുകളെ എച്ച്‌ഐവി ബാധിച്ചിട്ടുണ്ട്. 33 ദശലക്ഷം ആളുകള്‍ പുതിയ എച്ച്‌ഐവി ബാധിച്ച് മരിച്ചിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു. നിരന്തരം വകഭേദങ്ങള്‍ മാറുന്ന വൈറസാണ് എച്ച്‌ഐവി. ഇതുവരെ കണ്ടെത്തിയ രോഗികളില്‍ വിവിധ എച്ച്‌ഐവി വകഭേദങ്ങളാണ് കണ്ടെത്തിയിട്ടുളളതെന്നും പഠനങ്ങള്‍ പറയുന്നു

© 2024 Live Kerala News. All Rights Reserved.