ഇന്ത്യന്‍ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ വിഭാഗം ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ്. ഇതോടെ സുരക്ഷയെ സംബന്ധിക്കുന്നതും വൈകാരികമായതുമായ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ വെളിപ്പെടുത്തരുതെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ പ്രോക്‌സികളുടെ വളരെ സങ്കീര്‍ണമായ ശൃംഖലയുപയോഗിച്ചാണ് പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കടന്നുകയറ്റത്തിന് ശ്രമിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനുള്ള പാക്ക് ശ്രമത്തെ അതീവ ജാഗ്രതയോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് വെടിവയ്പ് ശക്തമാക്കിയതിനു പിന്നാലെയാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ദേശീയ സുരക്ഷ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച ഡല്‍ഹിയില്‍ നടക്കാനിരിക്കുകയാണ്. ഭീകരവാദത്തെ തടയുന്നത് ചര്‍ച്ച ചെയ്യുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം ജമ്മുവിലെ ഉധംപൂരില്‍നിന്ന് പാക്കിസ്ഥാന്‍ ലഷ്‌കറെ തയിബ ഭീകരന്‍ മുഹമ്മദ് നവീദ് പിടിയിലായിരുന്നു.

© 2024 Live Kerala News. All Rights Reserved.