കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധം;മലയാളത്തില്‍ ട്വീറ്റ് ചെയ്ത് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം

ദുബായ്:ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മലയാളത്തില്‍ ട്വീറ്റ് ചെയ്തു.‘എക്‌സ്പോ-2020’ വേദിയില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്.പിണറായി വിജയനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ട്വീറ്റ്. ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആദ്യമായാണ് മലയാളത്തില്‍ ട്വീറ്റ് ചെയ്യുന്നത്.ദുബായ് ഭരണാധികാരിയുടെ മലയാളത്തിലുള്ള ട്വീറ്റ് പ്രവാസി മലയാളികള്‍ അഭിമാനത്തോടെ സ്വീകരിച്ചു. നിമിഷങ്ങള്‍ കൊണ്ട് ട്വീറ്റ് വൈറലാകുകയും ചെയ്തു.

ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം കൂറിപ്പിന്റെ പൂര്‍ണരൂപം

കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്സ്പോ 2020-ലെ ‘കേരള വീക്കി’ല്‍ സ്വീകരണം നല്‍കിയപ്പോള്‍. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയില്‍ കേരളീയര്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനനുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. വ്യവസായ മന്ത്രി പി.രാജീവ്, യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍, നോര്‍ക്ക വൈസ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം.എ. യൂസഫലി തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

© 2022 Live Kerala News. All Rights Reserved.