ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ യാത്രതിരിച്ച മാധ്യമപ്രവര്‍ത്തകന്‍ ഡല്‍ഹിയില്‍ പിടിയിലായി

 

മുംബൈ: യാക്കൂബ് മേമന്റെ വധശിക്ഷയില്‍ സഹതപിച്ച് ഇസ്‌ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേരാന്‍ പോയ നവിമുംബൈയിലെ മാധ്യമപ്രവര്‍ത്തകന്‍ സുബെര്‍ അഹ്മദ് ഖാനെ ഡല്‍ഹി പൊലീസ് പിടികൂടി. ഖാന്റെ ഭാര്യയെയും മക്കളെയും പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. തന്റെ അവസാന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രാജധാനി എക്‌സ്പ്രസില്‍ ഡല്‍ഹിക്കു പോകുകയാണെന്നും ഓഗസ്റ്റ് നാലിന് ഡല്‍ഹിയിലെത്തുമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഖാനെ പൊലീസ് കണ്ടെത്തിയത്.

സോഷ്യല്‍ മീഡിയ വഴിയാണ് സുബെര്‍ അഹ്മദ് ഖാന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കാന്‍ തയാറാണെന്നും ഐഎസില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തിയത്. കൂടാതെ മുംബൈ സ്‌ഫോടന പരമ്പരക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷയില്‍ ഇയാള്‍ സഹതപിക്കുകയും ചെയ്തിരുന്നു. ഇയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സംഘവും നവി മുംബൈ പൊലീസും മുംബൈ പൊലീസ് ക്രൈംബ്രാഞ്ചും പരിശോധിച്ചു. വീസയില്ലെന്നും ഇയാള്‍ക്കു രാജ്യം വിടാന്‍ കഴിയില്ലെന്നും മുതിര്‍ന്ന എടിഎസ് ഓഫിസര്‍ അറിയിച്ചു.

താന്‍ ജേര്‍ണലിസ്റ്റ് ഫോര്‍ ഇന്റര്‍നാഷനല്‍ പീസ് എന്ന പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആണെന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെയുള്ള ഇയാളുടെ അവകാശവാദം. കൂടാതെ, ഇറാഖ് എംബസിയില്‍ ചെന്ന് ബഗ്ദാദിയുടെ ഖിലാഫത്തില്‍ തന്റെ അപേക്ഷ സമര്‍പ്പിക്കും. ഐഎസില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടെന്നും വിദേശകാര്യ വക്താവായോ സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകനായോ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപേക്ഷിക്കാന്‍ തയാറാണ്. തന്റെ വീസ അപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ എംബസിയില്‍ ചെല്ലുമെന്നും ഇതിനായി അഞ്ച് ദിവസം ഡല്‍ഹിയില്‍ ഉണ്ടാകുമെന്നും ഇയാള്‍ പറഞ്ഞിരുന്നു.

മുസ്‌ലിംകളുടെ അവകാശങ്ങള്‍ക്കുവേണ്ടി തന്റെ സ്വന്തം പണമുപയോഗിച്ചാണ് താന്‍ പോരാടുന്നത്. മുസ്‌ലിംകളുടെ ശബ്ദമായിരിക്കും താന്‍. യഥാര്‍ഥ മുസ്‌ലിംകളെ സമൂഹത്തിനു മുന്നില്‍ സ്ഥാപിക്കുമെന്നും ഐഎസിനെ സഹായിക്കുന്നവരെ മതാടിസ്ഥാനത്തില്‍ അവര്‍ ചതിക്കില്ലെന്നും ഖാന്‍ ബ്ലോഗില്‍ എഴുതി. പൊതുഭരണത്തില്‍ ബിരുദാനന്തര ബിരുദമുള്ള ഇയാളുടെ പാസ്‌പോര്‍ട്ട് 2017 സെപ്റ്റംബര്‍ 17 വരെയുണ്ടെന്ന് പൊലീസ് അറിയിച്ചു. നവിമുംബൈയിലെ കലംബോലി മേഖലയിലെ വിലാസത്തിലാണ് ഇയാള്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 2011 മേയ് മുതല്‍ 2013 ജനുവരി വരെ താനെയിലെ ഒരു ആശുപത്രിക്കുവേണ്ടിയാണ് ഖാന്‍ ജോലിചെയ്തിരുന്നത്.

© 2024 Live Kerala News. All Rights Reserved.