പേപ്പര്‍ നോക്കാതെ പ്രസംഗിക്കാന്‍ സോണിയയ്ക്ക് കഴിയുമോ?; സുഷമയെ പിന്തുണച്ച് സ്മൃതി

 

ന്യൂഡല്‍ഹി: സുഷമ സ്വരാജിനെതിരെയുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി. പാര്‍ലമെന്റ് ഒരു നാടക വേദിയാണെന്നാണോ കോണ്‍ഗ്രസ് പറയുന്നത്. ഒരു ജനപ്രതിനിധിയുടെ പ്രസ്താവനയെ അഭിനയമെന്നു പറയുന്നത് ജനവിധിയോടുള്ള അനാദരവാണെന്നും സ്മൃതി പറഞ്ഞു.

തനിക്കെതിരെ തെളിവുകള്‍ കൊണ്ടുവരാനുള്ള പ്രതിപക്ഷത്തോടുള്ള വെല്ലുവിളിയായിരുന്നു സുഷമജിയുടെ പ്രസ്താവന. സോണിയജിക്ക് ഒന്നോ രണ്ടോ മിനിറ്റ് സംസാരിക്കാന്‍ ചിലപ്പോള്‍ എളുപ്പമായിരിക്കും. എന്നാല്‍ പേപ്പര്‍ നോക്കി വായിക്കാതെ ഒരു പ്രസംഗം നടത്താന്‍ സോണിയയ്ക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും സ്മൃതി കളിയാക്കി.

ഒരു സ്ത്രീയെന്ന നിലയില്‍ ഞാന്‍ പറയുന്നു, പാര്‍ലമെന്റിന്റെ അഭിമാനമാണ് ലോക്‌സഭാ സ്പീക്കര്‍. സ്പീക്കറോടുള്ള പ്രതിഷേധകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ ഷര്‍ട്ടുകള്‍ അഴിച്ചുമാറ്റി. സ്ത്രീകളോടുള്ള കോണ്‍ഗ്രസിന്റെ ആദരവ് ഇങ്ങനെയാണോ? ഇതിനെയാണോ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സദാചാരമെന്നു പറയുന്നതെന്നും സ്മൃതി ചോദിച്ചു.

കേന്ദ്ര മന്ത്രി സുഷമ സ്വരാജിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കടുത്ത ആരോപണങ്ങളുന്നയിച്ചിരുന്നു. സുഷമ നാടകം കളിക്കുകയാണ്. നാടകം അഭിനയിക്കുന്നതില്‍ സുഷമ സ്വരാജ് മിടുക്കിയാണെന്നും സോണിയ ഗാന്ധി പറഞ്ഞിരുന്നു. അതേസമയം, ലളിത് മോദിയില്‍ നിന്ന് എത്ര കോടി കൈപ്പറ്റിയെന്ന് സുഷമ സ്വരാജ് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. മോഷ്ടാക്കളുടെ രീതിയില്‍ എല്ലാം മറച്ചുവച്ചാണ് അവരുടെ പ്രവര്‍ത്തനം. സോണിയ ഗാന്ധി ആയിരുന്നെങ്കില്‍ ഇപ്രകാരം ചെയ്യുമായിരുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.