കൊച്ചി:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട്,തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്ക് തിരിച്ചടിയായി. 50 പേരില്‍ കൂടുതലുള്ള പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനത്തിന് എന്താണ് പ്രത്യേകത എന്നും കോടതി ചോദിച്ചു. കോവിഡ് നിയന്ത്രണ ഉത്തരവ് പിന്‍വലിച്ച കാസര്‍ഗോഡ് ജില്ലാ കളക്ടറുടെ നടപടി യ്‌ക്കെതിരെ തിരുവനന്തപുരം സ്വദേശി അരുണ്‍ രാജ് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. അതേസമയം, കാസര്‍ഗോഡ് ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കിയതായി സിപിഎം അറിയിച്ചു. മൂന്ന് ദിവസത്തെ സമ്മേളനം രണ്ട് ദിവസമാക്കി പുനര്‍നിശ്ചയിച്ചു. സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലോക്ക് ഡൗണിന് സമാനമായ തോതില്‍ നടപ്പാക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി. ഇന്നാണ് കാസര്‍ഗോഡ് ജില്ലാ സമ്മേളനം ആരംഭിച്ചത്. കോവിഡ് രോഗബാധ രൂക്ഷമാവുമ്പോഴും ജില്ലാ സമ്മേളനങ്ങളുമായി മുന്നോട്ട് പോവുന്നത് സിപിഎം നിലപാടിന് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെ സിപിഎമ്മിന് എതിരെ രംഗത്ത് എത്തിയിരുന്നു. പിന്നാലെയാണ് നടപടി. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാഴാഴ്ച കാസര്‍കോട് പൊതുപരിപാടികള്‍ക്ക് ജില്ലാ കളക്ടര്‍ വിലക്കേര്‍പ്പെടുത്തുകയും പിന്നീട് ഉത്തരവ് പിന്‍വലിച്ചതും വിവാദമായിരുന്നു. സിപിഎം സമ്മേനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു നീക്കം എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ഇതിന് പിന്നാലെ ഉത്തരവ് പിന്‍വലിച്ചത് ആരുടെയും സമ്മര്‍ദം മൂലമല്ലെന്ന് വ്യക്തമാക്കി ജില്ലാ കലക്ടര്‍ രംഗത്ത് എത്തുകയും ചെയ്തു.