ജില്ല തിരിച്ചുള്ള നിയന്ത്രണം ഇന്ന് മുതല്‍; പരിശോധന കര്‍ശനമാക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ജില്ല തിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. നിയന്ത്രണം ഉറപ്പാക്കാനായി പൊതു ഇടങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കും.അടുത്ത 2 ഞായറാഴ്ചകളില്‍ (ജനുവരി 23, 30) ലോക്ഡൗണിനു സമാനമായി അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ.

ഒന്‍പത് വരെയുള്ള ക്ലാസുകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈനിലേക്ക് മാറും. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകളാണ് ഇന്ന് മുതല്‍ ഓണ്‍ലൈനിലേക്ക് മാറുന്നത്. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് സ്‌കൂളുകള്‍ അടച്ചിടുന്നത്. അതിന് ശേഷം സാഹചര്യം വിലയിരുത്തിയാകും തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക. ഓണ്‍ലൈന്‍ ക്ലാസിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം ഇറക്കിയിട്ടുണ്ട്.
എല്ലാ സ്‌കൂളുകളും കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിക്കുകയും അധ്യാപകര്‍ സ്‌കൂളുകളില്‍ എത്തുകയും വേണം. എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ പഠനത്തിനുള്ള സാങ്കേതിക സൗകര്യം സ്‌കൂള്‍ അധികൃതര്‍ ഉറപ്പ് വരുത്തണം. ഓണ്‍ ലൈന്‍ ക്ലാസിന്റെ ടൈം ടേബിള്‍ ഇന്നലെ പ്രസിദ്ധീകരിച്ചു.

കോവിഡ് വ്യാപനം അതിതീവ്രമായിരിക്കെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കണക്കാക്കിയാണ് ജില്ലകളെ മൂന്നായി തിരിച്ചു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ജനുവരി ഒന്നില്‍ നിന്ന് ഇരട്ടി ആവുകയും ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തില്‍ കൂടുകയും ചെയ്താല്‍ ആ ജില്ലകള്‍ കാറ്റഗറി എ . ഇവിടങ്ങളില്‍ പൊതുപരിപാടികള്‍ക്കും വിവാഹ മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. നിലവില്‍ കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളാണ് ഈ കാറ്റഗറിയില്‍.

ആശുപത്രി രോഗികളില്‍ പത്ത് ശതമാനത്തില്‍ കൂടുതല്‍ കൊവിഡ് രോഗികളും ഐസിയു കൊവിഡ് രോഗികളുടെ നിരക്ക് ജനുവരി ഒന്നില്‍ നിന്ന് ഇരട്ടി ആവുകയും ചെയ്താല്‍ ആ ജില്ലകള്‍ ബി കാറ്റഗറിയില്‍. ഇവിടങ്ങളില്‍ പൊതുപരിപാടികള്‍ ഒന്നും അനുവദിക്കില്ല. മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈന്‍ വഴി മാത്രം. വിവാഹ മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ മാത്രം. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളാണ് ഈ വിഭാഗത്തില്‍.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കൊവിഡ് രോഗികള്‍ ആകുന്ന ജില്ല സി വിഭാഗത്തില്‍ വരും. ബി കാറ്റഗറിയിലെ നിയന്ത്രണങ്ങള്‍ക്ക് പുറമെ തിയേറ്ററുകള്‍, സ്വിമ്മിംഗ് പൂള്‍, ജിമ്മുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. അവസാന വര്‍ഷ ബിരുദ ബിരുദാനന്തര ക്ലാസുകള്‍, പത്ത്, പന്ത്രണ്ട്, ഒഴികെ എല്ലാ ക്ലാസുകളും ഓണ്‍ ലൈനായിരിക്കണം. ഈ വിഭാഗത്തില്‍ ഒരു ജില്ലയും ഇല്ല.

© 2024 Live Kerala News. All Rights Reserved.