മലപ്പുറം തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെണ്‍കുട്ടി മരിച്ച നിലയില്‍

കോഴിക്കോട്: മലപ്പുറം തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ ഇരയായ പതിനെട്ടുകാരി മരിച്ച നിലയില്‍. വാടകവീട്ടില്‍ പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് പെണ്‍കുട്ടി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ സൂക്ഷിച്ചിരിക്കുകയാണ്.7 മാസം മുമ്പാണ് ബന്ധുക്കളുടെ ലൈംഗികാതിക്രമത്തിനെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും, കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനുകളിലായി ആറു കേസുകളുണ്ട്.തേഞ്ഞിപ്പലത്തെ വാടകവീട്ടില്‍ അമ്മയോടും സഹോദരനുമൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇളയ സഹോദരനെ സ്‌കൂളിലാക്കാനായി താന്‍ പോയ സമയത്താണ് കുട്ടി തൂങ്ങി മരിച്ചതെന്നാണ് അമ്മ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വന്ന ശേഷം പല തവണ പെണ്‍കുട്ടിയെ പ്രാതല്‍ കഴിക്കാനായി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. പിന്നീട് പെണ്‍കുട്ടിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി. അപ്പോള്‍ ഫോണും എടുത്തില്ല. തുടര്‍ന്ന് വാതിലിന് മുകളിലുള്ള കിളിവാതിലിലൂടെ കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്ന് അമ്മ പറയുന്നു. ഉടനെ അയല്‍പക്കക്കാരെ അടക്കം വിളിച്ച് വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കയറി തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചിരുന്നു. സംഭവത്തില്‍ തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

© 2023 Live Kerala News. All Rights Reserved.