തിരുവനന്തപുരം:സംസ്ഥാനം നേരിടുന്നത് കോവിഡ് മൂന്നാം തരംഗമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മൂന്നാംതരംഗം തുടക്കത്തില്‍ തന്നെ അതിതീവ്ര വ്യാപനത്തിലേക്ക് കടന്നിരിക്കുകയാണ് എന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ കാരണം കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു.ഒന്നിച്ച് നിന്ന് അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ സാഹചര്യങ്ങള്‍ വിശദീകരിച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. ഒമിക്രോണ്‍ നിസാര വൈറസ് ആണെന്ന് തരത്തില്‍ പ്രചാരണങ്ങള്‍ ശക്തമാണ്. ഒമിക്രോണിനെ നിസാരമായി കാണരുത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഡെല്‍റ്റയേക്കാള്‍ അഞ്ചോ ആറോ ഇരട്ടി വ്യാപനമാണ് ഒമിക്രോണിന് ഉണ്ടാകുന്നത്. ഡെല്‍റ്റയില്‍ മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ഒമിക്രോണില്‍ ഈ അവസ്ഥയുണ്ടാവുന്നില്ലെന്നും മന്ത്രി പറയുന്നു.സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ലെന്നും ചില തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും കണക്കുകള്‍ നിരത്തി ആരോഗ്യ മന്ത്രി അറിയിച്ചു. കരുതലോടെ നേരിടേണ്ട അവസ്ഥയാണ്. രാഷ്ട്രീയ കക്ഷിഭേദമന്യേ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ്.രോഗികളുടെ എണ്ണം കൂടിയാല്‍ ആശുപത്രി, ഐസിയു രോഗികള്‍ വര്‍ധിക്കുന്ന അവസ്ഥയുണ്ടാവും. അതിനാല്‍ ആശുപത്രികളില്‍ രോഗികള്‍ക്കൊപ്പം ഉള്‍പ്പെടെ കുറഞ്ഞ ആളുകള്‍ മാത്രം എത്താന്‍ ശ്രദ്ധിക്കണം. അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. ഇതോടൊപ്പം സ്ഥാപനങ്ങള്‍ ക്ലസ്റ്റര്‍ കേന്ദ്രങ്ങളാകുന്ന സാഹചര്യം ഒഴിവാക്കണം. പൊതു സ്വകാര്യ സ്ഥാപനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. രോഗത്തെ പ്രതിരോധിക്കാന്‍ എല്ലാവരും വാക്സിന്‍ സ്വീകരിക്കണം. വാക്സിനേഷന് എതിരായ വാര്‍ത്തകള്‍ ശരിയല്ലെന്നും മന്ത്രി പറഞ്ഞു.