കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കനെ വെറുതെ വിട്ട വിധി വിശ്വസിക്കാനാവുന്നില്ലെന്ന് കുറുവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ. പൊലീസുകാരില്‍ നിന്നും പ്രോസിക്യൂഷനില്‍ നിന്നും ലഭിച്ച നീതി ജുഡീഷ്യറിയില്‍ നിന്നും ലഭിച്ചില്ലെന്നും നീതി കിട്ടുന്നതുവരെ പോരാട്ടം തുടരുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. പണവും സ്വാധീനവും ഉപയോഗിച്ച് ബിഷപ്പ് ഫ്രാങ്കോ കേസ് അട്ടിമറിച്ചതാണെന്നും ഇവര്‍ പറഞ്ഞു.’മൊഴികളെല്ലാം ഞങ്ങള്‍ക്ക് അനുകൂലമായിട്ടാണ് വന്നത്. പിന്നീട് എന്ത് സംഭവിച്ചുവെന്ന് ഞങ്ങള്‍ക്ക് അറിയില്ല. തീര്‍ച്ചയായും അപ്പീല്‍ പോകും. ഞങ്ങളുടെ സിസ്റ്ററിന് നീതി കിട്ടുന്നതുവരെ പോരാടും.പണവും സ്വാധീനവും ഉണ്ടെങ്കില്‍ എന്തും നേടാം. ആ ഒരു കാലമാണല്ലോ ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്. അത് തന്നെയാണ് ഇവിടേയും സംഭവിച്ചതെന്നാണ് വിശ്വസിക്കുന്നത്. സാധാരണക്കാരായ ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ എന്തുവന്നാലും മിണ്ടാതിരിക്കുകയോ കേസിന് പോകാതിരിക്കുകയോ വേണം എന്നാണ് ഈ വിധിയിലൂടെ ഞങ്ങള്‍ക്ക് തോന്നുന്നത്. ഇതാണ് ഈ വിധിയില്‍ നിന്നും ഞങ്ങള്‍ക്ക് മനസിലാകുന്നത്.