‘ദൈവത്തിന് സ്തുതി’; സഹോദരങ്ങളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

കോട്ടയം: കുറ്റവിമുക്തനാക്കപ്പെട്ട വിധി കേട്ട് ഫ്രാങ്കോ മുളയ്ക്കല്‍ കോടതി മുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ദൈവത്തിനു സ്തുതിയെന്നാണ് പ്രതികരണം.സഹോദരങ്ങളെ കെട്ടിപ്പിടിച്ചു കരഞ്ഞ ബിഷപ്പ് ഏറെ സന്തോഷത്തോടെയാണ് കോടതിക്ക് പുറത്തേക്ക് വന്നത്. നീതി ലഭിച്ചോ എന്ന ചോദ്യത്തോട് ദൈവത്തിന് സ്തുതി എന്ന ഒറ്റവാക്കു മാത്രമായിരുന്നു മാധ്യമങ്ങളോടുള്ള ബിഷപ്പിന്റെ പ്രതികരണം. കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് തയ്യാറാകാതെ ബിഷപ്പ് കാറില്‍ കയറി മടങ്ങി. കൈ കൂപ്പുകയും കാറില്‍ ഇരുന്ന് കൊണ്ട് ഇരു കൈകളും മുകളിലേക്ക് ഉയര്‍ത്തി കാണിക്കുകയും മാത്രമാണ് ഫ്രാങ്കോ ചെയ്തത്. പ്രതീക്ഷിച്ച വിധിയാണെന്നും സത്യം ജയിച്ചുവെന്നുമായിരുന്നു ഫ്രാങ്കോയുടെ കൂടെ ഉണ്ടായിരുന്നവരുടെ പ്രതികരണം. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിടുകയായിരുന്നു. ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. ഒറ്റവരിയിലായിരുന്നു വിധിപ്രസ്താവം നടത്തിയത്.

© 2022 Live Kerala News. All Rights Reserved.