തിരുവനന്തപുരം: പാറശാലയില്‍ സി.പി.ഐ.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരകളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.അശ്രദ്ധകൊണ്ടാണ് ഇത് സംഭവിച്ചത്. സംഭവിച്ചുപൊയി, തീര്‍ച്ചയായും ഒഴിവാക്കേണ്ടിയിരുന്ന ഒന്നായിരുന്നു അത്,’ അദ്ദേഹം പറഞ്ഞു.ആള്‍ക്കൂട്ടം ഉണ്ടാവരുതെന്നും ഒമിക്രോണിനെ തടയാന്‍ എല്ലാവരും മുന്‍കരതലുകള്‍ എടുക്കണമെന്നും പറയുന്ന സര്‍ക്കാര്‍ തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്.
അതേസമയം, തിരുവാതിരക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പാറശാല പൊലീസാണ് കേസെടുത്തത്. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 500ലധികം പേര്‍ക്കെതിരെ പകര്‍ച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്. മെഗാ തിരുവാതിരക്കെതിരെ തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റ് എം. മുനീര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെതിരെയായിരുന്നു പരാതി.മെഗാ തിരുവാതിരക്കളി ഒഴിവാക്കാമായിരുന്നു എന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.കോവിഡ് വ്യാപന പഞ്ചാത്തലത്തില്‍ സംസ്ഥാനത്ത് കര്‍ശന ആള്‍ക്കൂട്ട നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്രയധികം പേരെ പങ്കെടുപ്പിച്ച് കൊണ്ട് പരിപാടി നടത്തിയത്. പൊതുപരിപാടിയില്‍ 150 പേരില്‍ കൂടരുതെന്നാണ് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. വിവാഹ – മരണചടങ്ങുകളില്‍ പരാമവധി 50 പേര്‍ പങ്കെടുക്കാവൂ എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് പാര്‍ട്ടി തന്നെ ഇത് ലംഘിച്ചിരിക്കുന്നത്.