നടിയെ ആക്രമിച്ച കേസ്; പ്രതികള്‍ എത്ര ഉന്നതരാണെങ്കിലും കുറ്റക്കാരാണെങ്കിലും ശിക്ഷിക്കപ്പെടും; വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സജി ചെറിയാന്‍

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികള്‍ എത്ര ഉന്നതരാണെങ്കിലും കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി സജി ചെറിയാന്‍. മന്ത്രിയെന്ന നിലയില്‍ കേസില്‍ മുന്‍ വിധിയോടെ സംസാരിക്കാന്‍ സാധിക്കില്ലെന്നും വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് ഇതിനോടകം തന്നെ വ്യക്തമായതാണെന്നും മന്ത്രി പറഞ്ഞു.കേസിന്റെ അന്വേഷണത്തില്‍ എവിടെയെങ്കിലും വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ച ശിപാര്‍ശകള്‍ നടപ്പാക്കുന്നത് പരിശോധിക്കാനാണ് മൂന്നംഗ സമിതിയെ സര്‍ക്കാര്‍ രൂപികരിച്ചത്. ചലച്ചിത്ര അക്കാദമി സെക്രട്ടറി, സാംസ്‌കാരിക വകുപ്പിലെ അണ്ടര്‍ സെക്രട്ടറി, നിയമ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.ഹേമ കമ്മീഷന്‍ നല്‍കിയ ശിപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം ഓരോ അംഗവും പ്രത്യേകം സമര്‍പ്പിക്കണം. സിനിമ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച ശിപാര്‍ശ ചലച്ചിത്ര അക്കാദമി സെക്രട്ടറിയും സാംസ്‌കാരിക വകുപ്പുമായിരിക്കും പരിശോധിക്കുക.ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരു ദിവസം കൊണ്ട് എടുത്തുചാടി നടപ്പിലാക്കേണ്ട ഒന്നല്ലെന്നും അത് ക്യാബിനെറ്റില്‍ ചര്‍ച്ചയ്ക്കെടുത്ത് നടപ്പിലാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മീഷന് തുടര്‍ച്ച ഉണ്ടാകുന്നില്ലെന്നോ അതിനെ അവഗണിച്ചെന്നോ പറയാന്‍ സാധിക്കില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അന്തിമ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം അത് ക്യാബിനെറ്റില്‍ പോകണോ നിയമസഭയില്‍ വെയ്ക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കും. സിനിമ മേഖലയിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.