ഭരണഘടനയെ തൊട്ടു പൊള്ളി: സജി ചെറിയാൻ രാജിവെച്ചു: പിണറായി പക്ഷത്തിനെതിരെ യെച്ചൂരിയുടെ തിരിച്ചടി

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ച കേരളാ സാംസ്‌കാരിക- ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ രാജിവെച്ചു. മുഖ്യമന്ത്രിയെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറി. സിപിഎമ്മിൻറെ സംസ്ഥാന നേതൃത്വം സജി ചെറിയാനെ സംരക്ഷിച്ചുവെങ്കിലും യെച്ചൂരി ഉൾപ്പെടെയുള്ള കേന്ദ്ര നേതൃത്വത്തിൻറെ കടുപിടുത്തം കാരണമാണ് മന്ത്രിക്ക് രാജിവെക്കേണ്ടി വന്നത്. മന്ത്രി സഭാ യോഗത്തിന് ശേഷം വാർത്താ സമ്മേളനം വിളിച്ചാണ് രാജിക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇടഞ്ഞു നിൽക്കുന്ന കേന്ദ്ര സിപിഎം നേതാക്കൾക്ക് കിട്ടിയ വലിയ ഒരു ആയുധമായിരുന്നു സജി ചെറിയാൻറെ ഭരണഘടനയോടുള്ള ആക്ഷേപ പ്രസംഗം.എകെജി സെന്ററിൽ ഇന്ന് രാവിലെ ചേർന്ന സിപിഎം അവെ‍യ‍്‍ലബിൾ സെക്രട്ടേറിയറ്റ് മന്ത്രിയുടെ രാജി ഉടൻ വേണ്ട എന്ന നിലപാടിലായിരുന്നു. സംസ്ഥാന സമിതിയിൽ സജി ചെറിയാനെ പിണറായി സംരക്ഷിച്ചുവെങ്കിലും കേന്ദ്ര നേതാക്കൾ ഭരണ ഘടനാ ആക്ഷേപമെന്ന ആയുധം ശക്തമായി ഉപയോഗിക്കുകയും സജി ചെറിയാനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

കുറച്ചു കാലങ്ങളായി നിലനിൽക്കുന്ന പിണറായി വിരോധം കേന്ദ്ര നേതൃത്വം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. പിണറായിയുടെ ഏറ്റവും വലിയ വിശ്വസ്തനെ തന്നെ തങ്ങൾക്ക് ഇരയായി കിട്ടിയതിൻറെ സന്തോഷം കേന്ദ്ര നേതാക്കളുടെ വിമർശനത്തിൽ പ്രകടമായതായി സമൂഹമാദ്ധ്യമങ്ങളും അഭിപ്രായം പങ്കുവെക്കുന്നു.

ഇന്ത്യൻ ഭരണഘടനയെ തച്ചുതകർത്ത് തൊഴിലാളി വർഗ്ഗ ഏകാധിപത്യം നടപ്പിലാക്കുമെന്ന് വ്യക്തമായി എഴുതിവെച്ച സിപിഎം പാർട്ടി ഭരണഘടനയുമായി പ്രവർത്തനം നടത്തുന്ന കേന്ദ്ര നേതാക്കൾ ഇപ്പോൾ ഭരണഘടനാ സംരക്ഷകരായി മുന്നിലെത്തുന്നത് പരിഹാസ്യമാണെന്ന് സമൂഹമാദ്ധ്യമങ്ങളിൽ സജി ചെറിയാനെ അനുകൂലിക്കുന്നവർ അഭിപ്രായപ്പെടുന്നു.

© 2022 Live Kerala News. All Rights Reserved.