ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടിയും മോഹന്‍ലാലും

കൊച്ചി:ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് മമ്മൂട്ടിയും മോഹന്‍ലാലും അടക്കം സിനിമ ലോകം രംഗത്ത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇരുവരും ഐക്യദാര്‍ഢ്യം അറിയിച്ചത്്.ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നടിയുടെ കുറിപ്പിനൊപ്പം ബഹുമാനം എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. നിന്നോടൊപ്പം എന്ന തലക്കെട്ടില്‍ മമ്മൂട്ടി പിന്തുണ അറിയിച്ചത്.ദുല്‍ഖര്‍ സല്‍മാന്‍ ഇന്‍സ്റ്റഗ്രാമില്‍ നടിയുടെ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെയാണ് പിന്തുണയുമായി മമ്മൂട്ടിയും രംഗത്ത് എത്തിയത്.കൂടുതല്‍ താരങ്ങളും സിനിമാ പ്രവര്‍ത്തകരും അതിജീവിച്ച നടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. മഞ്ജു വാര്യര്‍, ബാബുരാജ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, സംയുക്ത മേനോന്‍, ഗായിക സയനോര ഐശ്വര്യ ലക്ഷ്മി,അന്ന ബെന്‍, പാര്‍വ്വതി തിരുവോത്ത്, നിമിഷ സജയന്‍, തുടങ്ങി നിരവധി പേരാണ് അക്രമം അതിജീവിച്ച നടിക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്. സോഷ്യല്‍ മീഡിയയിലും നിരവധി പേര്‍ അതിജീവിതയ്ക്ക് പിന്തുണയമായി രംഗത്ത് എത്തി.നേരത്തെ നടന്‍ പൃഥ്വിരാജും, ടൊവിനോ തോമസും അക്രമം അതിജീവിച്ച നടിക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. ധീരത എന്ന് പറഞ്ഞു കൊണ്ടാണ് നടന്‍ പൃഥ്വിരാജ് നടിയുടെ കുറിപ്പ് പങ്കുവെച്ചത്. അവള്‍ക്കൊപ്പം താങ്കള്‍ നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇത് മറ്റുള്ളവര്‍ക്കും പ്രചോദനമാകട്ടെയെന്നുമാണ് സംവിധായിക അഞ്ജലി മേനോന്‍ പൃഥ്വിയുടെ പോസ്റ്റിന് താഴെ കുറിച്ചത്. ഗീതു മോഹന്‍ദാസ് ഉള്‍പ്പെടെയുള്ളവര്‍ പൃഥ്വിയുടെ പോസ്റ്റിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി തന്റെ പേരും വ്യക്തിത്വവും, തനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണെന്നും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടിട്ടുണ്ടെന്നും ആ സമയത്തൊക്കെ തനിക്ക് വേണ്ടി സംസാരിക്കാനും തന്റെ ശബ്ദം നിലയ്ക്കാതിരിക്കാനും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നെന്നും ഇന്ന് തനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ തനിച്ചല്ലെന്ന് തിരിച്ചറിയുകയാണെന്നും നടി പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.