തിരുവനന്തപുരത്ത് പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യമെഴുതിയ കാര്‍ ; ഉടമ പിടിയില്‍

തിരുവനന്തപുരം: പട്ടത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കാറില്‍ മുദ്രാവാക്യങ്ങള്‍ എഴുതിയ കാറിന്റെ ഉടമ പിടിയിലായി.കാറുമായെത്തി ഹോട്ടലില്‍ ബഹളം വച്ച് കടന്നുകളഞ്ഞ ഉത്തര്‍പ്രദേശ് സ്വദേശിയാണ് പിടിയിലായത്. കഴക്കൂട്ടം വെട്ടു റോഡില്‍ നിന്നാണ് കാറുടമയെ പിടികൂടിയത്. ഉപേക്ഷിച്ചുപോയ കാര്‍ പൊലീസ് കസ്റ്റിഡിയിലെടുത്തിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരേ മുദ്രാവാക്യങ്ങള്‍ എഴുതിയ വാഹനം ഞായറാഴ്ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ ഹോട്ടലില്‍ ബഹളമുണ്ടാക്കി വാഹനം ഉപേക്ഷിച്ച് കടന്ന് കളഞ്ഞ ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പട്ടത്തെ സ്വകാര്യ ഹോട്ടലിലേക്ക് സംശയകരമായ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി എത്തിയത്.ആര്‍എസ്എസിനെ വിമര്‍ശിച്ചും കര്‍ഷക സമരം, പുല്‍വാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആര്‍എസ്എസിനും എതിരായ വാചകങ്ങള്‍ കാറിന് പുറത്ത് എഴുതിയിട്ടുണ്ടായിരുന്നു. കറുത്ത മഷി കൊണ്ട് കാറിന് ചുറ്റും വലിയ അക്ഷരത്തിലാണ് ഇവ എഴുതിയിരിക്കുന്നത്. അമിത വേഗത്തിലായിരുന്നു കാര്‍ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയത്. സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ അസ്വസ്ഥനായി ഹോട്ടലിലെ ബാറിലേക്ക് പോയി. കാറിലെ എഴുത്തും പെരുമാറ്റവും ശ്രദ്ധയില്‍ പെട്ടതോടെ ഹോട്ടല്‍ ജീവനക്കാര്‍ ഇയാള്‍ക്ക് മദ്യം നല്‍കിയില്ല. ആകെ പ്രകോപിതനായ ഇയാള്‍ പിന്നീട് ഹോട്ടലില്‍ ബഹളം വെച്ചു. സുരക്ഷാ ജീവനക്കാരെ ഭീഷണിപ്പെടുത്തി.ഹോട്ടല്‍ അധികൃതര്‍ പൊലീസിന് വിവരം അറിയിച്ചതോടെ ഇയാള്‍ കാര്‍ ഉപേക്ഷിച്ച് സംഭവസ്ഥലത്തു നിന്ന് ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ബോംബ് സ്‌ക്വാഡും ഡോഗ് സ്വകാഡും സ്ഥലത്തെത്തി. കാറിലുണ്ടായിരുന്ന ബാഗുകളില്‍ നിന്ന് പഴകിയ വസ്ത്രങ്ങളും കേബിളുകളും ഇലക്ട്രോണിക് വസ്തുക്കളും കണ്ടെത്തിയിരുന്നു. ഉണങ്ങിയ നിലയിലായിരുന്നു കാറിന് പുറത്തെ മഷി.

© 2024 Live Kerala News. All Rights Reserved.