നടിയെ ആക്രമിച്ച കേസ്; വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി; പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ രണ്ടാമത് വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി .വിചാരണക്കോടതിക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് പരാമര്‍ശം.പ്രോസിക്യൂഷന് അനുകൂലമായി സാക്ഷി മൊഴികള്‍ ഉണ്ടാക്കാനാണോ നീക്കമെന്നും സംശയുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കണം. കേസിന് അനുസൃതമായി സാക്ഷിമൊഴി ഉണ്ടാക്കാനുള്ള പ്രോസിക്യൂഷന്‍ ശ്രമമാണിതെന്ന് സംശിയിക്കാമെന്നും കോടതി പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ 16 സാക്ഷികളുടെ പുനര്‍വിസ്താരത്തിനാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയിരുന്നത്. 16 പേരുടെ പട്ടികയില്‍ ഏഴു പേര്‍ നേരത്തെ സാക്ഷി പറഞ്ഞവരാണ്. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒമ്പത് പേരില്‍ നിന്ന് പുതുതായി വിശദീകരണം തേടണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം വിചാരണ കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂന്ന് പേരുടെ പുനര്‍വിസ്താരത്തിന് മാത്രമായിരുന്നു വിചാരണ കോടതി അനുമതി നല്‍കിയത്.അതേസമയം, കേസില്‍ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന് കോടതി സമന്‍സ് അയച്ചിട്ടുണ്ട്. കേസില്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്മേല്‍ തുടരന്വേഷണത്തിന് കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കിയിരുന്നു. ജനുവരി 20നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം

© 2025 Live Kerala News. All Rights Reserved.