നീറ്റ് പിജി മെഡിക്കല്‍ കൗണ്‍സിലിങ്ങിന് അനുമതി;ഒ.ബി.സി സംവരണത്തിന് അംഗീകാരം;ഉത്തരവ് ഇടക്കാലത്തേക്ക്

ന്യൂഡല്‍ഹി: നീറ്റ് പിജി മെഡിക്കല്‍ കൗണ്‍സലിംഗിന് സുപ്രീംകോടതി അനുമതി നല്‍കി. അഖിലേന്ത്യാ മെഡിക്കല്‍ ബിരുദ, ബിരുദാനന്തര ക്വോട്ടയില്‍ 27 ശതമാനം ഒബിസി സംവരണത്തിന് സുപ്രീംകോടതി അംഗീകാരം നല്‍കി.അതേസമയം മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10 ശതമാനം സാമ്പത്തിക സംവരണം അന്തിമ വാദത്തിനായി മാർച്ച് മാസത്തിലേക്ക് സുപ്രീംകോടതി മാറ്റിവെച്ചു. ഈ വർഷത്തെ കൗൺസിലിങ് നടപടികൾ തടസപ്പെടാതിരിക്കാൻ 10 ശതമാനം ഈ വർഷം മാത്രം നടപ്പാക്കാനും സുപ്രീംകോടതി അനുമതി. സര്‍ക്കാരിന്റെ വാദം അംഗീകരിച്ചു കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. 8 ലക്ഷം രൂപ വരുമാന പരിധി ഉൾപ്പെടെ മുന്നാക്ക സംവരണം നടപ്പാക്കുമ്പോഴുള്ള മാനദണ്ഡങ്ങളുടെ കാര്യത്തിലും ഈ വർഷം മാറ്റമില്ല. മുന്നാക്ക സംവരണം ഭാവിയിൽ നടപ്പാക്കുമ്പോഴുള്ള വ്യവസ്ഥകൾ ഹർജികളിലെ അന്തിമ തീർപ്പിന്റെ അടിസ്ഥാനത്തിലാകും. സംവരണ കേസ് പരിഗണിച്ച മൂന്നംഗ ഞെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആണ് വിധി പ്രസ്താവം വായിച്ചത്.ഒബിസി സംവരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിര്‍ത്തിവെച്ചിരിക്കുന്ന നീറ്റ് പി.ജി. കൗണ്‍സലിംഗ് നടത്താന്‍ അനുവദിക്കണമെന്ന് കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഡോക്ടര്‍മാരുടെ ആശങ്കയില്‍ കാര്യമുണ്ടെന്നും അതിനാല്‍, കേസില്‍ വാദം തുടരുന്നതിനിടെ കൗണ്‍സലിംഗ് നടന്നു കൊള്ളട്ടേയെന്നും കേന്ദ്രം പറഞ്ഞു.നീറ്റ് പി.ജി പ്രവേശനത്തിനുള്ള കൗണ്‍സിലിംഗ് നടത്താത്തതിനെത്തുടര്‍ന്ന് ഒരുപാട് ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു. നിരവധി ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും ഇത് ബാധിച്ചിരുന്നു.മെഡിക്കല്‍ പി.ജി പ്രവേശനം വൈകുന്നതിനാല്‍ 45,000 റസിഡന്‍ഷ്യല്‍ ഡോക്ടര്‍മാരുടെ കുറവുണ്ടായിരുന്നു. സുപ്രീം കോടതിയുടെ വിധിയോടെ പി.ജി പ്രവേശനത്തിനുള്ള കൗണ്‍സലിങ് തുടങ്ങാനാകും.

© 2024 Live Kerala News. All Rights Reserved.