ഒമിക്രോണിന് പിന്നാലെ ‘ഇഹു’;വ്യാപനശേഷി കൂടുതല്‍; ഫ്രാന്‍സില്‍ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു

പാരിസ്: കോവിഡ് വകഭേദമായ ഒമിക്രോണിന് പിന്നാലെ പുതിയ വകഭേദമായ ഇഹു ഫ്രാന്‍സില്‍ സ്ഥിരീകരിച്ചു.B.1.640.2 എന്ന വകഭേദമാണ് ദക്ഷിണ ഫ്രാന്‍സിലെ മാര്‍സെയില്‍സില്‍ കണ്ടെത്തിയത്. 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ പോയി തിരിച്ചെത്തിയ ആളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് അടുത്തിടപഴകിയവരിലേക്ക് കൂടി രോഗം വ്യാപിച്ചതായി കണ്ടെത്തി. ഇഹു(ഐ.എച്ച്.യു) മെഡിറ്ററാന്‍ ഇന്‍ഫെക്ഷന്‍ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് രോഗം സ്ഥിരീകരിച്ചത്. അതിനാലാണ് ബി.1.640.2 എന്ന വകഭേദത്തിന് ‘ഇഹു’ എന്ന് പേരിട്ടത്. ദക്ഷിണ ഫ്രാന്‍സിലെ മാര്‍സെയില്‍സില്‍ കണ്ടെത്തിയ ഈ വകഭേദത്തിന് വുഹാനില്‍ പടര്‍ന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തില്‍ നിന്ന് 46 തവണ ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ട്. പലതവണ വ്യതിയാനം സംഭവിച്ചതിനാല്‍ ഈ വൈറസിന് വാക്‌സിനുകളില്‍ നിന്ന് പ്രതിരോധ ശക്തി ലഭിച്ചിരിക്കാനുള്ള സാധ്യതയും കൂടുതലാണ്.’ഇഹു’ വകഭേദം മരണസംഖ്യ കൂട്ടുമോ എന്നുള്ള ഗവേഷണം പുരോഗമിക്കുകയാണ്. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്നത് വരെ പുതിയ രോഗകാരി ഇഹു എന്ന പേരിലായിരിക്കും അറിയപ്പെടുക.അതേസമയം കോവിഡ് വ്യാപനത്തില്‍ പുതിയ ആശങ്കയായി നിലനില്‍ക്കുന്ന വകഭേദത്തിന്റെ സ്വഭാവം ഇനിയും വ്യക്തമായിട്ടില്ല.

© 2024 Live Kerala News. All Rights Reserved.