മുസ്ലിം സത്രീകളെ ‘ഓണ്‍ലൈന്‍ ലേലത്തില്‍’ വച്ച് വീണ്ടു വിദ്വേഷ ക്യാമ്പെയിന്‍ ;’ബുള്ളി ഭായ്’ക്കെതിരെ പരാതികള്‍

ന്യൂഡല്‍ഹി: സുള്ളി ഡീല്‍സിനു ശേഷം മുസ്ലിം സത്രീകളെ ‘ഓണ്‍ലൈന്‍ ലേലത്തില്‍’ വച്ച് വീണ്ടു വിദ്വേഷ ക്യാമ്പെയിന്‍. ബുള്ളി ബായ്’ എന്നാണ് പുതിയ ആപ്പിന്റെ പേര് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മുസ്ലിം സ്ത്രീകളുടെ പേരുകളും ചിത്രങ്ങളുമാണ് ഈ ആപ്പില്‍ വില്‍പ്പനയ്ക്ക് എന്ന പറഞ്ഞ് നല്‍കിയിരിക്കുന്നത്.’സുള്ളി ഡീലു’കള്‍ക്ക് ഉപയോഗിച്ച ഗിറ്റ്ഹബ് പ്ലാറ്റ്ഫോമില്‍ തന്നെയാണ് ‘ബുള്ളി ബായും എത്തിയിരിക്കുന്നത്. അഞ്ച് മാസം മുമ്പാണ് ‘സുള്ളി ഡീല്‍സ്’ എന്ന ആപ്പ് ദേശീയതലത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. മുസ്ലീം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുകയും ഒപ്പം ഇവര്‍ക്കെതിരെ ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും ആഹ്വാനം ചെയ്യുന്ന തരത്തിലായിരുന്നു സുള്ളി ഡീല്‍സ് എന്ന ആപ്പ. സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, കലാകാരികള്‍, ഗവേഷകര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രശസ്തി നേടിയ മുസ്ലീം സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു ഇത് പ്രവര്‍ത്തിച്ചിരുന്നത്. ഇതേ രീതിയാണ് ബുള്ളി ബായിയും പിന്തുടരുന്നത്.ദേശീയ മാധ്യമപ്രവര്‍ത്തക ഇസ്മത് ആറയാണ് ആപ്പിലൂടെ രണ്ടാമതും മുസ്‌ലിം സ്ത്രീകളെ വില്‍പനക്ക് വെച്ച വിവരം ആദ്യമായി വെളിപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്റെ ഫോട്ടോ വെച്ച് ഈ ആപ്പില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന വിവരം ഇസ്മത് ട്വീറ്റ് ചെയ്തിട്ടുണ്ട്. നൂറിലധികം സ്ത്രീകളുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ ആപ്പിലൂടെ പ്രചരിക്കുന്നത്.ഒരു മുസ്ലിം സ്ത്രീ എന്ന നിലയില്‍ ഇത്ര ഭയത്തോടെയും വെറുപ്പോടെയും പുതുവര്‍ഷം ആരംഭിക്കേണ്ടിവരുന്നത് ഏറെ ദുഃഖകരമാണ്. സുള്ളി ഡീല്‍സിന്റെ ഈ പുതിയ പതിപ്പിലൂടെ വേട്ടയാടപ്പെടുന്നത് ഞാന്‍ മാത്രമല്ല എന്ന് ഉറപ്പാണ്. ഇന്ന് രാവിലെ ഒരു സുഹൃത്ത് അയച്ച സ്‌ക്രീന്‍ഷോട്ടാണിത്. പുത്സവത്സരാശംസകള്‍’ – എന്നാണ് ഇസ്മത് ആറ ട്വീറ്റ് ചെയ്തത്. മുംബൈയിലും പൊലീസ് അന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട്രയില്‍നിന്നുള്ള ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. ബുള്ളി ബായ് ആപ്പിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണത്തില്‍ മുംബൈ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.