തിരുവനന്തപുരം: പേട്ടയില്‍ 19കാരന്‍ അനീഷ് ജോര്‍ജിനെ പെണ്‍കുട്ടിയുടെ പിതാവ് സൈമണ്‍ ലാലന്‍ കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം കൊണ്ടാണെന്ന് പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. മകളുമായുള്ള അനീഷിന്റെ പ്രണയമാണ് കൊലപാതകത്തിന് കാരണം. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് സൈമണ്‍ അനീഷിനെ കുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.അറസ്റ്റിലായ പ്രതി സൈമണ്‍ ലാലന്‍ കുറ്റം സമ്മതിച്ചുവെന്നും പൊലീസ് പറഞ്ഞു. നെഞ്ചിലും മുതുകിലുമായാണ് അനീഷിനെ പ്രതി കുത്തിയത്. വാട്ടര്‍ മീറ്റര്‍ ബോക്സിലാണ് കുത്താന്‍ ഉപയോഗിച്ച കത്തി ഒളിപ്പിച്ചത്. ഇത് കണ്ടെടുത്തതായും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.കൊലപാതകവുമായി ബന്ധപ്പെട്ട് ഫോണ്‍ രേഖകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മകനെ പ്രതിയായ സൈമണ്‍ ലാലന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു എന്ന കുടുംബത്തിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് പുറത്തുവന്ന ഫോണ്‍ രേഖകള്‍. കൊലപാതകത്തിന് മുന്‍പ് അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍ നിന്ന് വിളിച്ചെന്നാണ് കണ്ടെത്തല്‍. ഫോണ്‍വിളിയെത്തിയ അമ്മയുടെ ഫോണുമായാണ് അനീഷ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയത്. അനീഷ് ആക്രമിക്കപ്പെട്ടതിന് ശേഷം അനീഷിന്റെ അമ്മയും പെണ്‍കുട്ടിയുടെ അമ്മയും ഈ ഫോണിലേക്ക് വിളിച്ചതായും ഫോണ്‍ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.ബുധനാഴ്ച പുലര്‍ച്ചെയാണ് പേട്ട സ്വദേശിയായ അനീഷിനെ പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ വെച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍ കൊലപ്പെടുന്നത്. കള്ളനാണെന്ന് തെറ്റിദ്ധരിച്ചു കുത്തിയെന്നായിരുന്നു പെണ്‍കുട്ടിയുടെ പിതാവ് ലാലന്‍ പോലീസില്‍ കീഴടങ്ങിയപ്പോള്‍ നല്‍കിയ മൊഴി.