ലൂയിസ് ബെര്‍ഗര്‍ ഇടപാട്: ഗോവ മുന്‍ മന്ത്രി ചര്‍ച്ചില്‍ അലിമാവോ അറസ്റ്റില്‍

 

പനജി: അഴിമതിക്കേസില്‍ ഗോവ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി ചര്‍ച്ചില്‍ അലിമാവോ അറസ്റ്റിലായി. ബുധനാഴ്ച രാത്രി ക്രൈംബ്രാഞ്ചാണ് അലിമാവോയെ അറസ്റ്റ് ചെയ്തത്.

ഗോവയില്‍ ജല മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ കരാര്‍ ലഭിക്കാന്‍ അമേരിക്കയിലെ ന്യൂ ജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുയിസ് ബെര്‍ഗെര്‍ ഇന്റര്‍നാഷണല്‍ എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ നിന്ന് ആറു കോടി രൂപ കോഴവാങ്ങിയെന്നാണ് കേസ്. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനാണ് അലിമാവോ.

ഈ കേസുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് എന്‍ജിനീയര്‍ ആനന്ദ് വാച്ച് സുന്ദറും ലൂയിസ് ബെര്‍ഗറിന്റെ ഇന്ത്യയിലെ മുന്‍ മേധാവി സത്യകം മൊഹന്തിയും നേരത്തെ അറസ്റ്റിലായിരുന്നു.

കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗംബര്‍ കാമത്തിനും അഴിമതിയില്‍ പങ്കുണ്ടെന്നാണ് ആരോപണം. കാമത്ത് കഴിഞ്ഞ ദിവസം ഇടക്കാല ജാമ്യം നേടിയിരുന്നു.

2010 ലാണ് ഈ കരാര്‍ ഉറപ്പിച്ചത്.1200 കോടി രൂപയുടെ ജലമലിനജല ശുദ്ധീകരണ പ്ലാന്റിലെ ജോലി മൂന്നുവര്‍ഷമായി നടന്നുവരികയാണ്.

© 2024 Live Kerala News. All Rights Reserved.