സര്‍ക്കാര്‍ ആശുപത്രികളില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന സിറപ്പില്‍ മദ്യത്തിന്റെ അംശം

 

കൊച്ചി: സര്‍ക്കാര്‍ ആശുപത്രികളില്‍ കൊച്ചു കുട്ടികള്‍ക്കായ് വിതരണം ചെയ്യുന്ന സിറപ്പില്‍ ഉയര്‍ന്ന തോതില്‍ മദ്യത്തിന്റെ അംശം. മെ!ഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വഴി സൗജന്യമായി വിതരണം ചെയ്ത പാരസെറ്റാമോള്‍ സിറപ്പിലാണ് 95% മദ്യത്തിന്റെ അംശം കണ്ടെത്തിയത്. ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മരുന്ന് വിതരണം തടയാന്‍ കെഎംഎസ്്‌സിഎല്‍ ഉത്തരവിട്ടു. മൂന്നര ലക്ഷം ബോട്ടിലുകളാണ് വിവിധ ആശുപത്രികളിലായി ഇതിനോടകം വിതരണം ചെയ്തിരിക്കുന്നത്.

 

Paracetamol

Paracetamol

അഞ്ചു വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് സൗജന്യമായി വിതരണം ചെയ്യുന്നതാണ് ഈ പനിമരുന്ന്. ജൂലൈ അവസാനവാരം നാഗ്പൂര്‍ ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി കെഎംഎസ്‌സിഎല്ലിന്റെ 15 വെയര്‍ഹൗസുകളിലുമായി എത്തിച്ച പാരസെറ്റാമോള്‍ 125 എംജി സിറപ്പിലെ മദ്യത്തിന്റെ അംശം 95% ശതമാനം. പാരസെറ്റമോള്‍ ലയിപ്പിക്കുന്നതിനായി പാരഹൈഡ്രോക്‌സി ബെന്‍സോയ്റ്റ് എന്ന രാസവസ്തുവാണ് ഉപയോഗിക്കേണ്ടത്. അതിന് പകരമായി ഇവിടെ ഉപയോഗിച്ചിരിക്കുന്നത് മദ്യമാണ്. കുട്ടികള്‍ക്കായുള്ള പാരസെറ്റമോള്‍ സിറപ്പില്‍ ലായനിയായി മദ്യം ഉപയോഗിക്കുന്നതിന് കര്‍ശന വിലക്കും നിലനില്‍ക്കുന്നു.

കോര്‍പ്പറേഷനിലെ വിദഗ്ധസമിതി കമ്പനി സന്ദര്‍ശിച്ച് പരിശോധന നടത്തിയ ശേഷമാണ് കരാറിന് അന്തിമ അംഗീകാരം നല്‍കിയതും. വിതരണത്തിന് എത്തിച്ചതാകട്ടെ ഗുണനിലവാരം ഒട്ടുംഇല്ലാത്ത ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന മരുന്നും. മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരുന്ന് വിതരണം മരവിപ്പിക്കണമെന്ന് കെഎംഎസ്‌സിഎല്‍ എംഡി വെയര്‍ഹൗസ് മാനേജര്‍മാര്‍ക്ക് ഇന്നലെ അടിയന്തര നിര്‍ദേശം നല്‍കി. പല ആശുപത്രികളും ഈ മരുന്നുകള്‍ രോഗികള്‍ക്ക് ഇതിനോടകം നല്‍കി കഴിഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കടക്കം വിതരണം ചെയ്ത മരുന്നുകള്‍ തിരിച്ചെടുക്കുക അപ്രായോഗികമെന്ന് വെയര്‍ഹൗസ് ജീവനക്കാരും പറയുന്നു.

© 2024 Live Kerala News. All Rights Reserved.