തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍.കേരളത്തില്‍ സിനിമാ പ്രദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍.ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ രാത്രി പത്തു മണിക്ക് ശേഷം തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു.പുതുവത്സര ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിനായാണ് സംസ്ഥാനത്ത് രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. കടകള്‍ രാത്രി പത്തിന് അടയ്ക്കണം. ആള്‍ക്കൂട്ടവും അനാവശ്യയാത്രകളും അനുവദിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 31ന് രാത്രി 10ന് ശേഷം അനുവദിക്കുന്നതല്ല. ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയിലെ സീറ്റിംഗ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ്.പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുളള ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍, തുടങ്ങിയ പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ മതിയായ അളവില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറല്‍ മജിസ്ട്രേറ്റുകളെ വിന്യസിക്കും. കൂടുതല്‍ പൊലീസിനെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കും.കര്‍ണാടകയ്ക്കും ഡല്‍ഹിക്കും പിന്നാലെയാണ് കേരളം രാത്രികാല നിയന്ത്രണം കൊണ്ടുവരുന്നത്. ഇന്നലെ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലായിരുന്നു ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. വരും ദിവസങ്ങളില്‍ പുതുവത്സരാഘോഷങ്ങള്‍ ഉള്‍പ്പെടെ നടക്കുമെന്നതിനാല്‍ രോഗ വ്യാപനം വര്‍ധിച്ചേക്കുമെന്ന ആശങ്കയും രാത്രികാല നിയന്ത്രണം ശക്തമാക്കാന്‍ ഇടയാക്കിയിട്ടുണ്ട്.