കൊച്ചി: കിഴക്കമ്പലം കിറ്റെക്‌സ് ഗാര്‍മെന്റ്‌സിലെ അതിഥിത്തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സില്‍ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 156 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തി. അൽപ്പസമയത്തിനുള്ളിൽ പ്രതികളെ കോടതിയിൽ ഹാജരാക്കും.പരുക്കേറ്റ പൊലീസുകാരുടെ മൊഴി പ്രകാരമാണു വകുപ്പുകള്‍ ചുമത്തിയത്.
പ്രതികള്‍ 12 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കി എന്നും പൊലീസും പറഞ്ഞു.പൊലീസ് വാഹനങ്ങള്‍ കത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് തിരിച്ചറിഞ്ഞത്. ഇതിനിടെ പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തില്‍ പത്തൊന്‍പതംഗ പ്രത്യേക അന്വേഷണസംഘവും രൂപികരിച്ചു.കുന്നത്തുനാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 9 പൊലീസുകാര്‍ക്കാണു സംഘര്‍ഷത്തില്‍ പരുക്കേറ്റത്. അക്രമികള്‍ 2 പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു. ഒരു പട്രോളിങ് ജീപ്പിനു തീയിട്ടു. തൊഴിലാളികളില്‍ ചിലര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി 11 മണിയോടെയാണു സംഭവങ്ങളുടെ തുടക്കം. ക്വാര്‍ട്ടേഴ്‌സില്‍ ക്രിസ്മസ് കാരള്‍ നടത്തിയതുമായി ബന്ധപ്പെട്ടു ചില തൊഴിലാളികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയയതാണ് പ്രശ്‌നത്തിന് കാരണമായത്.നാട്ടുകര്‍ അറിയിച്ചതനുസരിച്ച് എത്തിയ പൊലീസ് പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടതോടെ ഇവര്‍ പോലീസിന് നേരെ തിരിയുകയായിരുന്നു.