കിഴക്കമ്പലത്ത് അതിഥിത്തൊഴിലാളികള്‍ പൊലീസുകാരെ ആക്രമിച്ചു;ജീപ്പ് കത്തിച്ചു; സി .ഐ അടക്കം അഞ്ച് പൊലീസുകാര്‍ക്ക് പരിക്ക്;150 അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് അതിഥിത്തൊഴിലാളികള്‍ പൊലീസുകാരെ ആക്രമിച്ചു.കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസ് ജീപ്പ് അക്രമികള്‍ കത്തിച്ചു. തൊഴിലാളികളുടെ കല്ലേറില്‍ കുന്നത്തുനാട് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറടക്കം അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് സംഭവമറിഞ്ഞെത്തിയ പൊലീസിന് നേരെയും ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം.ക്രിസ്മസ് കരോള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം ഉണ്ടായത്. കിറ്റക്‌സ് കമ്പനിയിലെ ജീവനക്കാരായ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പൊലീസ് സ്ഥലത്തെത്തി. പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ട പൊലീസ് സംഘത്തിന് നേരേ അതിഥി തൊഴിലാളികള്‍ ആക്രമണം നടത്തുകയായിരുന്നു. കിറ്റക്‌സ് കമ്പനി പരിസരത്ത് വന്‍ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.കുന്നത്തുനാട് സിഐ ഷാജു അടക്കം അഞ്ച് പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. സിഐയുടെ തലക്ക് പരിക്കുണ്ട്. കൈ ഒടിഞ്ഞു. പരിക്കേറ്റ മറ്റ് പൊലീസുകാരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. അക്രമത്തിന് പിന്നാലെ കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തിയെങ്കിലും സംഘര്‍ഷത്തിന് അയവു വന്നിട്ടില്ല. നാട്ടുകാരും വലിയ തോതില്‍ പ്രതിഷേധത്തിലാണ്. അക്രമങ്ങളുമായി ബന്ധപ്പെട്ട് 150 ലേറെ തൊഴിലാളികള്‍ കസ്റ്റഡിയിലുണ്ട്.

© 2024 Live Kerala News. All Rights Reserved.