അയോധ്യയിലെ ഭൂമിയിടപാടില്‍ വ്യാപക ക്രമക്കേട്; അന്വേഷണത്തിന് ഉത്തരവിട്ടു യുപി സര്‍ക്കാര്‍;ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

ലക്‌നൗ: രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്ന അയോധ്യയിലെ പ്രദേശത്തെ ഭൂമിയിടപാടില്‍ വ്യാപക ക്രമക്കേട് എന്ന ആരോപണത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ രാമക്ഷേത്രം പണിയുന്നതിനുള്ള സുപ്രീംകോടതി വിധിക്കു പിന്നാലെ ബിജെപി നേതാക്കളും ബന്ധുക്കളും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായി ആരോപണം ഉയര്‍ന്നിരുന്നു.ഇതിനു പിന്നാലെയാണ് യോഗി സര്‍ക്കാര്‍ അന്വേഷണത്തിന് നിര്‍ദേശിച്ചത്. ആരോപണങ്ങളില്‍ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് നിര്‍ദേശം.ഒരാഴ്ചയ്ക്കകം വ്യക്തമായ രേഖകള്‍ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം എന്ന് ഉത്തര്‍പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറി (റവന്യൂ) മനോജ് കുമാര്‍ സിംഗ് വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ”മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പത്രവാര്‍ത്ത ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സ്‌പെഷ്യല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്,” എന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി (റവന്യൂ) വ്യക്തമാക്കുന്നു.2020 ഫെബ്രുവരിയിലാണ് മോദി സര്‍ക്കാര്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര എന്ന പേരില്‍ ട്രസ്റ്റ് രൂപവത്കരിക്കുന്നത്.
ക്ഷേത്ര നിര്‍മാണത്തിന്റെ മേല്‍നോട്ടമാണ് ചുമതല. മാര്‍ച്ച് 18ന് ഒരു വ്യക്തിയില്‍നിന്ന് 1.208 ഹെക്ടര്‍ ഭൂമി രണ്ടു കോടി രൂപക്ക് വാങ്ങിയ രണ്ട് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ മിനിറ്റുകള്‍ കഴിഞ്ഞ് രാമ ജന്മഭൂമി ട്രസ്റ്റിന് വിറ്റത് 18.5 കോടിക്കാണെന്ന്് ആരോപണം ഉയര്‍ന്നിരുന്നു.

© 2023 Live Kerala News. All Rights Reserved.