മതനിന്ദ നടത്തുന്നവരെ പൊതു സ്ഥലത്തുവെച്ച് തൂക്കിലേറ്റണമെന്ന് നവ്ജ്യോത് സിംഗ് സിദ്ദു;രണ്ട് ദിവസത്തിനിടെ ആള്‍ക്കൂട്ടം രണ്ടുപേരെ കൊലപ്പെടുത്തി

അമൃത്സര്‍: മതനിന്ദാ കേസുകളില്‍ ഉള്‍പ്പെടുന്ന കുറ്റവാളികളെ പൊതു സ്ഥലത്തുവെച്ച് തൂക്കിലേറ്റണമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു.രണ്ട് ദിവസത്തിനിടെ രണ്ട് പേരാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം. അതിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസ്താവന.സിഖ് സമുദായത്തിനെതിരെയുള്ള ഗൂഢാലോചനയാണ് കഴിഞ്ഞ ദിവസം പഞ്ചാബില്‍ നടന്ന മതനിന്ദയുമായി ബന്ധപ്പെട്ട രണ്ടു സംഭവങ്ങളെന്നും സിദ്ദു പറഞ്ഞു. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മതമൗലികവാദ ശക്തികളാണ് ഇതിന് പിന്നിലെന്നു അഭിപ്രായപ്പെട്ടു.ഏത് മതഗ്രന്ഥങ്ങള്‍ അപമാനിക്കപ്പെട്ടാലും, അത് ഖുര്‍ആനോ ഭഗവദ് ഗീതയോ ഗുരു ഗ്രന്ഥ സാഹിബോ ആയിക്കൊള്ളട്ടെ, അത്തരക്കാരെ പരസ്യമായി തൂക്കിലേറ്റണമെന്ന് സിദ്ദു പറഞ്ഞു.ശനിയാഴ്ച ഉച്ചയ്ക്ക് അമൃത്സറിലെ സുവര്‍ണ ക്ഷേത്ര പരിസരത്ത് ആയിരുന്നു ആദ്യത്തെ ആള്‍ക്കൂട്ട കൊലപാതകമുണ്ടായത്. രണ്ടാമത്തേത് ഞായറാഴ്ച കപുര്‍ത്തല ജില്ലയിലെ നിസാംപുരിലെ ഗുരുദ്വാരയിലായിരുന്നു.

© 2024 Live Kerala News. All Rights Reserved.