ആധാറും വോട്ടര്‍ ഐ.ഡിയും ബന്ധിപ്പിക്കും; തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ ലോകസഭയില്‍ പാസായി

ന്യൂഡല്‍ഹി: വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള ബില്ല് ലോക്‌സഭയില്‍ പാസാക്കി.പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെയാണ് ബില്ല് പാസാക്കിയത്.രാജ്യസഭ കൂടി പാസാക്കി രാഷ്ട്രപതി ഒപ്പിട്ടാല്‍ ബില്ല് നിയമമാകും.കഴിഞ്ഞ ദിവസം ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഒരുപാട് കാലമായി ഇലക്ഷന്‍ കമ്മീഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്.കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വയ്ക്കുമ്പോഴാണ് വോട്ടര്‍ പട്ടികയില്‍ ആധാര്‍ നമ്പര്‍ കൂടി ചേര്‍ക്കാന്‍ വ്യവസ്ഥയുള്ള ബില്ല് അവതരിപ്പിച്ചത്. വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി ബില്ല് അവതരിപ്പിക്കാന്‍ സഭാദ്ധ്യക്ഷന്‍ അനുമതി നല്‍കി. ബില്ല് മൗലിക അവകാശ ലംഘനമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം എതിര്‍ത്തു. വോട്ടെട്ടുപ്പ് വേണമെന്ന പ്രതിപക്ഷ ആവശ്യം പക്ഷേ അംഗീകരിച്ചില്ല. ബില്ലിലെ ഒരു വ്യവസ്ഥയിലും വിശദമായ ചര്‍ച്ചയോ വോട്ടെടുപ്പോ സഭയില്‍ നടന്നില്ല.സുപ്രീം കോടതിയുടെ ആധാര്‍ വിധിയുടെ ലംഘനമാണ് ബില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. കള്ള വോട്ട് തടയാനാണ് ഈ വ്യവസ്ഥ കൊണ്ടു വരുന്നതെന്ന് കിരണ്‍ റിജിജു സഭയില്‍ പറഞ്ഞു. ആധാര്‍ – വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍ കള്ളവോട്ട് തടയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വാദിക്കുന്നത്. വോട്ടവകാശം ആദ്യമായി ഉപയോഗിക്കുന്നവര്‍ക്ക് വര്‍ഷത്തില്‍ നാലുതവണ വരെ വോട്ടര്‍പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള ആവസരവും ബില്‍ നല്‍കുന്നു.

© 2024 Live Kerala News. All Rights Reserved.