സുധീഷ് കൊലക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍;പിടികൂടിയത് കൃത്യം നടന്നി ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം

തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് കൊലക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.കൃത്യം നടന്നി ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് രാജേഷിനെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞത്. ഇയാളെ ഉടന്‍ കേരളത്തിലേക്ക് എത്തിക്കും. സുധീഷിനെ കൊന്ന് കാല്‍വെട്ടിയെറിഞ്ഞ കേസിലെ മുഖ്യആസൂത്രകനും കേസിലെ രണ്ടാം പ്രതിയുമാണ് ഇയാള്‍. സുധീഷ് വധത്തില്‍ ഇതോടെ 11 പ്രതികളും പിടിയിലായി. ഗുണ്ടാതലവനായ രാജേഷ് നിരവധി കേസുകളിലെ പ്രതിയാണ്.കേസിലെ ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മിഠായി ശ്യാം എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് നേരത്തെ പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ടു സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് ആക്രമിച്ചിരുന്നു. അന്ന് സുധീഷിന്റെ സംഘമെറിഞ്ഞ നാടന്‍ ബോംബ് ഉണ്ണിയുടെ അമ്മയുടെ ദേഹത്ത് വീണിരുന്നു. ഇതിന് പ്രതികാരം വീട്ടാനായിരുന്നു ഉണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം പോത്തന്‍കോട് സ്വദേശി സുധീഷിനെ(35) ആക്രമിച്ച് കൊലപ്പെടുത്തിയത്. സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത് ബൈക്കില്‍ റോന്തുചുറ്റിയശേഷം വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല..കഴിഞ്ഞ ദിവസം ഒട്ടകം രാജേഷിനെ അന്വേഷിച്ച് പോകുന്നതിനിടെ വള്ളം മറിഞ്ഞ് ഒരു പൊലീസുകാരന്‍ മരിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.