കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ തീപിടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ആന്ധ്ര സ്വദേശിയാണ് പിടിയിലായത്. തഹസില്‍ദാര്‍ ഓഫീസിലേക്ക് ഇയാള്‍ വരുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.ഇയാളെ ഇപ്പോള്‍ ചോദ്യം ചെയ്യുകയാണ്. ഇയാളാണോ പ്രതി എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല എന്നാണ് പോലീസ് നല്‍കുന്ന സൂചന.ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും താലൂക്ക് ഓഫീസ് പരിസരത്ത് നേരത്തെ തീയിടാന്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായി പ്രത്യേക അന്വേഷണം സംഘം ഇന്ന് നടപടികള്‍ തുടങ്ങും. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
തഹസില്‍ദാറുടെ ഓഫീസിന് സമീപത്തെ ശുചിമുറിയില്‍ ആയിരുന്നു തീപിടുത്തമുണ്ടായത്. ഈ ശുചിമുറിയിലേക്ക് ഇയാള്‍ കയറിപ്പോവുന്നതും പിന്നീട് തഹസില്‍ദാറുടെ ഓഫീസിലേക്ക് കടക്കുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ല എന്ന് ഇന്നലത്തെ അന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു.വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വടകര താലൂക്കോഫീസ് കെട്ടിടം അഗ്നിക്കിരയായത്. ഫയലുകള്‍ സൂക്ഷിക്കുന്ന മിറിയില്‍ തീപടര്‍ന്നതിനെത്തുടര്‍ന്ന് ആയിരക്കണക്കിനു രേഖകള്‍ കത്തിച്ചാമ്പലായി.