പള്ളി വികാരിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ സിപിഎം നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചു

 

തൊടുപുഴ: പള്ളിവികാരിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ സിപിഎം നേതാക്കള്‍ പള്ളിമേടയിലെത്തി ഖേദപ്രകടനം നടത്തി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.വി.വര്‍ഗീസിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ തൊടുപുഴ ടൗണ്‍പള്ളിയിലെത്തിയാണ് ഖേദം അറിയിച്ചത്. കയ്യേറ്റത്തിനിരയായ ഫാ. മാത്യു കുന്നംപള്ളി, കോതമംഗലം രൂപത വികാരി ജനറല്‍ ജോര്‍ജ് ഓലിയപ്പുറം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഖേദപ്രകടനം.

കുറ്റകാര്‍ക്കെതിരെ പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിക്കുമെന്നു നേതാക്കള്‍ ഉറപ്പു നല്‍കി. സിപിഎം തൊടുപുഴ ഏരിയാ സെക്രട്ടറി ടി.ആര്‍.സോമന്‍, ജില്ലാ കമ്മിറ്റി അംഗം വി.വി. മത്തായി എന്നിവരും പള്ളിയിലെത്തി. കുമ്മംകല്ലില്‍ സിപിഎമ്മിന്റെ വഴിതടയല്‍ സമരം ചോദ്യംചെയ്തതിനാണ് ഫാ. മാത്യുവിനെ പതിനഞ്ചോളം സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്.

കുമ്മംകല്ലില്‍ സിപിഎമ്മിന്റെ വഴിതടയല്‍ സമരത്തിനിടെയായിരുന്നു സംഭവം. വെള്ളിയാമറ്റം തൊടുപുഴ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കുമ്മംകല്ലില്‍ സിപിഎം പ്രവര്‍ത്തകരുടെ വഴിതടയല്‍ സമരം. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു. തൊടുപുഴയില്‍നിന്നെത്തിയ പള്ളി വികാരി വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ അവസരമൊരുക്കണമെന്നാവശ്യപ്പെട്ടതു പ്രവര്‍ത്തകരെ ചൊടിപ്പിച്ചു.

മറ്റൊരു വഴിയുണ്ടെന്നും അതുവഴി പോയാല്‍മതിയെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ വികാരിയെ സ്ഥലത്തു നിന്നു മാറ്റി. ഇതിനിടയില്‍ ചില പ്രവര്‍ത്തകര്‍ അസഭ്യവര്‍ഷം തുടര്‍ന്നു. റോഡ് തടഞ്ഞുള്ള ഉപരോധം കോടതി വിലക്കിയിട്ടുണ്ടെന്നറിയിച്ച വികാരി സമരത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടെയായിരുന്ന കയ്യേറ്റം. നാട്ടുകാരില്‍ ചിലര്‍ ഇടപെട്ടാണ് സിപിഎം പ്രവര്‍ത്തകരെ കയ്യേറ്റത്തില്‍ നിന്നു പിന്തിരിപ്പിച്ചത്. മുഖത്തും കഴുത്തിലും മര്‍ദ്ദനമേറ്റ ഫാ. മാത്യു തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.

© 2024 Live Kerala News. All Rights Reserved.