വിവാഹ ചടങ്ങിനിടെ ജയ്ശ്രീറാം വിളിച്ച് വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹ ചടങ്ങിനിടെ ജയ്ശ്രീറാം വിളിച്ച് തീവ്ര വലതുപക്ഷ പ്രവര്‍ത്തകരുടെ വെടിവെപ്പ്.ഒരാള്‍ കൊല്ലപ്പെട്ടു. അക്രമികളുടെ വെടിയേറ്റ് ഗുരുതരമായ പരിക്കേറ്റ മുന്‍ ഗ്രാമമുഖ്യന്‍ ദേവിലാല്‍ മീണയാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഉടന്‍തന്നെ രാജസ്ഥാനിലെ കോട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.ജയിലില്‍ കഴിയുന്ന ‘ആള്‍ദൈവം’ രാംപാലിന്റെ അനുയായികള്‍ സംഘടിപ്പിച്ച വിവാഹ ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. ഹരിയാന സ്വദേശിയായ രാംപാല്‍ അഞ്ച് സ്ത്രീകളേയും കുഞ്ഞിനേയും അടക്കം ആറ് പേരെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്.രാമെയ്‌നി എന്ന പേരില്‍ 17 മിനിറ്റ് മാത്രം എടുക്കുന്ന വ്യത്യസ്തമായ വിവാഹ ചടങ്ങാണ് നടന്നതെന്ന് രാംപാലിന്റെ അനുയായികള്‍ പറയുന്നു. ഇത്തരമൊരു വിവാഹം ഹിന്ദുമതത്തിന് വിരുദ്ധമാണെന്നാരോപിച്ചായിരുന്നു ആക്രമണം.
ആക്രമണം നടത്തിയത് വി.എച്ച്.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഏതെങ്കിലും തീവ്രഹിന്ദുത്വ സംഘടനകളില്‍പ്പെട്ടവരാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലിസ് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.