ഇന്ത്യയുടെ ഹര്‍നാസ് സന്ധു വിശ്വസുന്ദരി;21 വര്‍ഷത്തിനു ശേഷം ഇന്ത്യയിലേക്ക് കിരീടം

ടെല്‍ അവീവ്:2021 ലെ വിശ്വസുന്ദരി പട്ടം ചൂടി ഇന്ത്യയുടെ ഹര്‍നാസ് സന്ധു. 21 വര്‍ഷത്തിനു ശേഷമാണ് പഞ്ചാബ് സ്വദേശിനിയായ 21 വയസ്സുകാരിയായ ഹര്‍നാസ് സന്ധു വിശ്വസുന്ദരി പട്ടം ഇന്ത്യയിലെത്തുന്നത്.കിരീടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് സന്ധു. 2000-ത്തില്‍ ലാറാ ദത്തയായിരുന്നു വിശ്വസുന്ദരി കിരീടം ചൂടിയ അവസാനത്തെ ഇന്ത്യക്കാരി. ഇതിന് മുന്‍പ് 1994 ല്‍ സുസ്മതി സെന്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടി മിസ് യൂണിവേഴ്‌സ് പട്ടം നേടിയത്.ഇന്ത്യയെ പ്രതിനിധീകരിച്ച് ഇസ്രയേലിലെ എലിയറ്റില്‍ നടന്ന മത്സരത്തില്‍ എല്ലാ റൗണ്ടുകളിലും മികച്ച പ്രകടനം നടത്തിയാണ് ഹര്‍നാസ് സന്ധു വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഫൈനലില്‍ പരാഗ്വെയിലെയും ദക്ഷിണാഫ്രിക്കയിലെയും സുന്ദരിമാരെ കടത്തിവെട്ടിയാണ് ഹര്‍നാസ് കിരീടം ചൂടിയത്. കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്‌സായ മെക്‌സിക്കന്‍ സ്വദേശി ആന്‍ഡ്രിയ മെസ തന്റെ കിരീടം ഹര്‍നാസ് സന്ധുവിനെ അണിയിച്ചു. ലോകമെമ്പാടും എല്ലാവര്‍ഷവും ലക്ഷക്കണക്കിന് ആളുകള്‍ ലൈവായി കാണുന്ന പരിപാടിയാണ് വിശ്വസുന്ദരി മത്സരം. മത്സരത്തില്‍ ആദ്യറണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടത് പരാഗ്വെയാണ്. രണ്ടാം റണ്ണറപ്പായി ദക്ഷിണാഫ്രിക്കയും തെരഞ്ഞെടുക്കപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.