സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; ഒരാള്‍ പിടിയില്‍;ബാക്കിയുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതം

തിരുവനന്തപുരം: പോത്തന്‍കോട് പട്ടാപ്പകല്‍ ഗുണ്ടാസംഘം വീട്ടില്‍ കയറി സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.കൊലയാളി സംഘത്തിലെ ഓട്ടോ ഡ്രൈവറാണ് പിടിയിലായത്. കണിയാപുരം സ്വദേശി രഞ്ജിത്ത്(28) ആണ് പിടിയിലായത്. ഇയാള്‍ ഉപയോഗിക്കുന്ന ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇയാളെ പിടികൂടിയത് ഭാര്യവീട്ടില്‍ നിന്നാണ്്. സംഘത്തിലെ ബാക്കിയുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു തിരുവനന്തപുരം ആകെമാനം ഞെട്ടിച്ച ക്രൂര കൊലപാതം നടന്നത്. പോത്തന്‍കോട് കല്ലൂര്‍ സ്വദേശി സുധീഷാണ് (35) കൊല്ലപ്പെട്ടത്. സുധീഷിനെതിരെ മംഗലപുരം, ആറ്റിങ്ങല്‍ സ്റ്റേഷനുകളിലായി വധശ്രമത്തിന് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളാണ് ഉള്ളത്.കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണ് തന്നെ ആക്രമിച്ചതെന്ന് എന്ന് ആശുപത്രിയില്‍ പോകുന്ന വഴി സുധീഷ് പൊലീസിന് മൊഴി നല്‍കി. ഡി.ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍, റൂറല്‍ എസ്.പി. പി.കെ. മധു എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പോത്തന്‍കോട് പൊലീസ് അറിയിച്ചു.ഉച്ചയ്ക്ക് വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന സുധീഷിനെ ഓട്ടോയിലും ബൈക്കുകളിലുമായി എത്തിയ പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു. ഭയന്ന സുധീഷ് വീടിനുള്ളിലേക്ക് ഓടികയറിയെങ്കിലും വാതില്‍ തകര്‍ത്ത സംഘം വീടിനുള്ളില്‍കയറി സുധീഷിനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

© 2024 Live Kerala News. All Rights Reserved.