സന്ദീപിന്റെ ശരീരത്തില്‍ ഇരുപതിലേറെ മുറിവുകള്‍;മരണക്കാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവ്;പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവല്ല: സി.പി.എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തില്‍ പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്.മരണക്കാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവ്. സന്ദീപിന്റെ ശരീരത്തില്‍ ഇരുപതിലേറെ മുറിവുകള്‍ ഉണ്ടെന്നും അറയ്ക്ക് മുകളില്‍ പതിനഞ്ചിലേറെ കുത്തുകള്‍ ഏറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം കേസില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. അഞ്ചാം പ്രതി അഭിയെ എടത്വായില്‍ നിന്നുമാണ് പിടികൂടിയത്. കേസിലെ മുഖ്യപ്രതി അടക്കം നാലെ പേരെയും പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ചാത്തങ്കരി സ്വദേശി ജിഷ്ണു, പ്രമോദ്, നന്ദു, ഫൈസല്‍ എന്നിവരെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവമോര്‍ച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റാണ് മുഖ്യപ്രതി ജിഷ്ണു രഘു.ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പ്രതികള്‍ സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയത്. തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലില്‍ വയലിന് സമീപത്ത് ഒരു കലുങ്കില്‍ ഇരിക്കുകയായിരുന്ന സന്ദീപിനെ, ബൈക്കിലെത്തിയ പ്രതികള്‍ വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. സന്ദീപിനെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പ് മരിക്കുകയായിരുന്നു.കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം നിയമത്തിന് മുന്നിലെത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയെന്നും കൊലയുടെ കാരണം കണ്ടെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.