സിപിഎം നേതാവിന്റെ കൊലപാതകത്തില്‍ നാല് പേര്‍ പിടിയില്‍; തിരുവല്ലയില്‍ ഹര്‍ത്താല്‍

തിരുവല്ല: പത്തനംതിട്ട തിരുവല്ലയില്‍ സി പി എം ലോക്കല്‍ സെക്രട്ടറി പി. ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ നാല് പ്രതികള്‍ പിടിയില്‍.ജിഷ്ണു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസല്‍ എന്നിവരാണ് പിടിയിലായത്. ആലപ്പുഴ കരുവാറ്റയില്‍ നിന്നുമാണ് ഇവരെ പിടി കൂടിയത്. കേസില്‍ ആകെ അഞ്ചു പേരെയാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ല ഏരിയ പരിധിയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.സന്ദീപിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. തിരുവല്ല നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഹര്‍ത്താല്‍ നടത്തുമെന്ന് സിപിഎം ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് വി.ആന്റണി അറിയിച്ചു.സന്ദീപിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും. കേസില്‍ ആകെ അഞ്ചു പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. വേങ്ങല്‍ സ്വദേശി അഭിയ്ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. പ്രതികളെ പുളിക്കീഴ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കൊലപാതകം നടന്നത്. തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലില്‍ വയലിന് സമീപത്ത് ഒരു കലുങ്കില്‍ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകള്‍ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. സന്ദീപിന്റെ നെഞ്ചില്‍ ഒമ്പത് കുത്തേറ്റിട്ടുണ്ട്. സന്ദീപിനെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പ് മരിച്ചു.

© 2024 Live Kerala News. All Rights Reserved.