വയനാട് യുവാവ് വെടിയേറ്റു മരിച്ച സംഭവം;രണ്ട് പേര്‍ പിടിയില്‍; വെടിവച്ചത് കാട്ടുപന്നിയെന്ന് കരുതി

കല്‍പ്പറ്റ: വയനാട് കമ്പളക്കാട്ട് കാട്ടുപന്നിയെ ഓടിക്കാന്‍ പോയ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍. കമ്പളക്കാട് വണ്ടിയാമ്പറ്റ പൂളക്കൊല്ലി കോളനിയിലെ ചന്ദ്രന്‍, ലിനീഷ് എന്നിവരാണ് കമ്പളക്കാട് പൊലീസിന്റെ പിടിയിലായത്. കാട്ടുപന്നിയെന്ന് കരുതിയാണ് വെടി വച്ചതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നെല്‍വയലില്‍ കാവലിരുന്ന കോട്ടത്തറ സ്വദേശിയായ ജയന്‍ വെടിയേറ്റ് മരിച്ചത്. കോട്ടത്തറയില്‍ നിന്ന് വണ്ടിയാമ്പറ്റയിലെത്തി ഇവരുടെ ഉടമസ്ഥതയിലുള്ള നെല്‍വയലിന് കാവലിരിക്കാന്‍ എത്തിയതായിരുന്നു നാലംഗ സംഘം. ഇവിടെ വച്ചാണ് വെടിയേറ്റത്. കാട്ടുപന്നിയെ വേട്ടയാടിനിറങ്ങിയവര്‍ പന്നിയാണെന്ന് കരുതിയാണ് വെടിവെച്ചത്.
ജയനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൂടെ ഉണ്ടായിരുന്ന ബന്ധുവായ ശരത്തിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിസരത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വയനാട് എസ്പി അരവിന്ദ് സുകുമാരന്‍, കല്‍പറ്റ ഡിവൈഎസ്പി ഉള്‍പ്പെടെ 15 അംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602